കാല്‍ നൂറ്റാണ്ടിന് ശേഷം ആദ്യമായി ഓസ്‌ട്രേലിയ പാകിസ്താനില്‍ കളിച്ച ടെസ്റ്റ് മത്സരം മഴ കൊണ്ടുപോയി. റാവല്‍ പിണ്ടിയില്‍ ഇരുടീമും ഓരോ ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത ശേഷം നാലാം ദിവസമായിരുന്നു മഴയുടെ വിളയാട്ടം. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 449 എന്ന നിലയില്‍ സന്ദര്‍ശകര്‍ നില്‍ക്കുമ്പോഴായിരുന്നു കളി അവസാനിച്ചത്. കളി അവസാനിച്ചതായി അമ്പയര്‍മാര്‍ വന്ന് പ്രഖ്യാപിക്കുമ്പോള്‍ എറിയാന്‍ മൂന്ന് ഓവര്‍ മാത്രമായിരുന്നു ബാക്കി. പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് 27 റണ്‍സ് മാത്രം പുറകിലായിരുന്നു ഓസ്‌ട്രേലിയ.
നൗമന്‍ അലി നാലു വിക്കറ്റ് വീഴ്ത്തി നില്‍ക്കുന്ന സമയത്താണ് കളി ഉപേക്ഷിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് 12 റണ്‍സും പാറ്റ് കുമ്മിന്‍സ് നാലു റണ്‍സും എടുത്തു നില്‍ക്കുകയായിരുന്നു. സുരക്ഷാ ഭീതിയെ തുടര്‍ന്ന് അകന്നു നിന്ന ഓസ്‌ട്രേലിയയുടെ 1998 ന് ശേഷമുള്ള ആദ്യ ടൂറായിരുന്നു ഇത്. മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു മഴ പെയ്തത്. ഇത്രയും സമയം കൊണ്ട് റാവല്‍പിണ്ടി സ്‌റ്റേഡിയത്തില്‍ പിറന്നത് 925 റണ്‍സും 13 വിക്കറ്റുകളുമായിരുന്നു.
തിങ്കളാഴ്ച പാകിസ്താന്‍ അഞ്ചു വിക്കറ്റുകളാണ് വീഴ്ത്തിയത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ 90 റണ്‍സ് അടിച്ച മാര്‍നസ് ലബുഷാനേ, 78 റണ്‍സ് നേടിയ വെറ്ററന്‍ താരം സ്റ്റീവ് സ്മിത്ത് എന്നിവരുംപുറത്തായിരുന്നു. 107 ന് നാല് എന്നതായിരുന്നു നൗമാന്റെ വിക്കറ്റ് നേട്ടം. നേരത്തേ രാത്രിയില്‍ കനത്ത മഴ പെയ്ത സാഹചര്യത്തില്‍ സ്‌റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം കളി തുടരാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയ 271 ന് രണ്ട് എന്ന നിലയിലായിരുന്നു തലേദിവസം അവസാനിപ്പിച്ചത്.