പുതിയ ക്യാപ്റ്റന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി അസര്‍

ഇന്ത്യന്‍ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് വിരാട് കോഹ്ലിയെ നീക്കി രോഹിത് ശര്‍മ്മയെ അവരോധിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീന് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണ്. രോഹിതിന്റെ വരവിനെ അനുകൂലിച്ചിരിക്കുകയാണ് അസര്‍.

വിരാട് കോഹ്ലിക്കുശേഷം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായ രോഹിത് ശര്‍മ്മയില്‍ വലിയ പ്രതീക്ഷകളാണുള്ളത്. രോഹിത് ഉറപ്പുനല്‍കിയതുപോലെ ടീമിനെ നയിക്കാന്‍ ശരിക്കും മികവുണ്ട് അയാള്‍ക്ക്. ഇന്ത്യയുടെ പുതിയ ക്യാപ്റ്റന് അഭിനന്ദനങ്ങള്‍- അസര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


രോഹിതിനെ നായകനാക്കിയത് ബിസിസിഐയുടെ ഏകപക്ഷീയ നടപടിയെന്നാണ് പരക്കെ കരുതപ്പെട്ടത്. എന്നാല്‍ കാര്യങ്ങളെല്ലാം കോഹ്ലിയെ ബോധിപ്പിച്ചശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. 2018ലെ ഏഷ്യ കപ്പിലും നിദഹാസ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കിയ രോഹിത്തിന് അര്‍ഹിച്ച നേട്ടമാണ് കൈവന്നതെന്ന് കരുതുന്നവരും കുറച്ചല്ല.