വിറ്റുവരവ് 10,500 കോടി; 'പതഞ്ജലി ഐ.പി.എല്‍ 2020' സംഭവിക്കുമോ?

അടുത്ത മാസം യു.എ.ഇയില്‍ തുടങ്ങാനിരിക്കുന്ന ഐ.പി.എന്റെ പ്രധാന സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ പിന്മാറിയത് ബി.സി.സി.ഐയ്ക്ക് വന്‍ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് അത്തരത്തിലൊരു സ്പോണ്‍സറെ കണ്ടെത്തുക എന്നത് ബി.സി.സി.ഐയ്ക്ക് വന്‍ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സപോണ്‍സറെ തേടിയുള്ള ബി.സി.സി.ഐയുടെ അന്വേഷണം പുരോഗമിക്കവേ സ്പോണ്‍സര്‍ഷിപ്പിനായി ബാബാ രാംദേവിന്റെ പതഞ്ജലിയും രംഗത്ത് വന്നിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന കാര്യം തങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അതുവഴി ആഗോള വിപണിയില്‍ പതഞ്ജലിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് പതഞ്ജലി വക്താവ് വ്യക്തമാക്കിയത്.

IPL 2020: Baba Ramdev in the IPL race, Patanjali leads the title ...

ഏതാണ്ട് 10,500 കോടിയോളം രൂപയാണ് പതഞ്ജലിയുടെ വിറ്റുവരവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലി ആയുര്‍വേദ് മാത്രം 8,329 കോടി രൂപ വരുമാനം നേടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ വ്യവസായ ഗ്രൂപ്പുകളുള്ള പതഞ്ജലിയുടെ ആകെ വിറ്റുവരവ് ഇതിലും എത്രയോ ഉയര്‍ന്നതായിരിക്കും. അതിനാല്‍ തന്നെ ബി.സി.സി.ഐ മുന്നോട്ടു വയ്ക്കുന്ന 440 കോടിയുടെ ടൈറ്റില്‍ സ്‌പോണ്‍ഷര്‍ഷിപ്പ് പതഞ്ജലിയ്ക്ക് സ്വന്തമാക്കാവുന്നതേയുള്ള എന്നാണ് വിലയിരുത്തല്‍. 2017 മുതല്‍ 440 കോടിയാണ് വിവോ ഓരോ സീസണിലും ബി.സി.സി.ഐയ്ക്ക് നല്‍കിക്കൊണ്ടിരുന്നത്.

Patanjali Ayurved to bid for IPL 2020 title sponsorship
ആമസോണ്‍, ബൈജൂസ് ആപ്, കൊക്ക-കോള, ഡ്രീം11, പേയ്ടിഎം, ടാറ്റാ മോട്ടോഴ്‌സ് എന്നിവയെയും സ്‌പോണ്‍സര്‍ഷിപ്പ് പ്രതീക്ഷയുമായി ബി.സി.സി.ഐ സമീപിച്ചതായി സൂചനകളുണ്ട്. എന്നാല്‍, ഇതുവരെയും ഒരു ഭാഗത്തു നിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് വിവരം. സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.