വിവോ പിന്മാറിയതോടെ ഐ.പി.എല്ലിന് ടൈറ്റില്‍ സ്‌പോണ്‍സറെ കണ്ടെത്തുന്നതിനുള്ള തന്ത്രപ്പാടിലാണ് ബി.സി.സി.ഐ. അങ്ങനെ ഇരിക്കെ സ്‌പോണ്‍സര്‍ഷിപ്പിനെ ചുറ്റിപ്പറ്റി പല കമ്പനികളുടെ പേരുകളും ഉയര്‍ന്നു വന്നിരുന്നു. അതില്‍ ഏറ്റവും ഒടുവിലായി ഉയര്‍ന്നു കേട്ട പേര് ബാബാ രാംദേവിന്റെ പതഞ്ജലിയുടേതായിരുന്നു.
സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും തലപൊക്കി. പിന്നീടത് മാലപ്പടക്കത്തിന് തീ കൊടുത്ത മാതിരി പടര്‍ന്നു ട്രോള്‍ പൂരമായി. ട്രോളന്‍മാരുടെ ഭാവനയില്‍ വിരിഞ്ഞ “പതഞ്ജലി ഐപിഎല്‍ 2020” കണ്ടാല്‍ ചിരിച്ച് ചിരിച്ച് മണ്ണുകപ്പും.
ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന കാര്യം തങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അതുവഴി ആഗോള വിപണിയില്‍ പതഞ്ജലിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് പതഞ്ജലി വക്താവ് വ്യക്തമാക്കിയത്. ആമസോണ്‍, ബൈജൂസ് ആപ്, കൊക്ക-കോള, ഡ്രീം11 എന്നിവയ്ക്കു പുറമേ പേയ്ടിഎം, ടാറ്റാ മോട്ടോഴ്‌സ് എന്നിവയെയും സ്‌പോണ്‍സര്‍ഷിപ്പ് പ്രതീക്ഷയുമായി ബി.സി.സി.ഐ സമീപിച്ചതായി സൂചനകളുണ്ട്. എന്നാല്‍, ഇതുവരെയും ഒരു ഭാഗത്തു നിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് വിവരം.
രാജ്യത്ത് ചൈനീസ് വിരുദ്ധവികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐ.പി.എല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബി.സി.സി.ഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലായിരുന്നു വിവോയുടെ പിന്മാറ്റം. സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.