പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പുകഴ്ത്തി പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യില്‍ 203 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി റെക്കോഡ് നേടിയതിനു പിന്നാലെയാണ് ഷഹീന്‍ അഭിനന്ദനവുമായി രംഗത്തെത്തിയത്. ഏഷ്യാ കപ്പിന് പിന്നാലെ ടീമിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കോര്‍ത്തിണക്കി വിമര്‍ശകരെ കൊട്ടി വ്യത്യസ്തമായാണ് താരം അഭിനന്ദനം അറിയിച്ചത്.
‘ക്യാപ്റ്റന്‍ ബാബര്‍ അസമിനേയും മുഹമ്മദ് റിസ്വാനേയും ഒഴിവാക്കേണ്ട സമയം കഴിഞ്ഞു. എന്തൊരു സ്വാര്‍ഥരായ കളിക്കാരാണ്. 15 ഓവറില്‍ ഫിനിഷ് ചെയ്യേണ്ട കളിയാണ്. ഈ പാകിസ്ഥാന്‍ ടീമിനെയോര്‍ത്ത് അഭിമാനിക്കുന്നു.’ ബാബറിന്റേയും റിസ്വാന്റേയും ഫോട്ടോ പങ്കുവെച്ച് ഷഹീന്‍ അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.
തുടര്‍ച്ചയായ മൂന്ന് ടി20 തോല്‍വികള്‍ക്ക് ശേഷം പാകിസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 10 വിക്കറ്റിന് ജയിച്ചുകയറി.
മത്സരത്തില്‍ ബാബര്‍ സെഞ്ച്വറി നേടിയപ്പോള്‍ റിസ്വാന്‍ അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കി. ബാബര്‍ 66 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റിസ്വാന്‍ 51 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്നു.