സമകാലിക ക്രിക്കറ്റിലെ പ്രതിഭാധനരായ ബാറ്റര്‍മാരില്‍ ഒരാളാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. കളത്തില്‍ ശാന്തതയും സമചിത്തതയും കാത്തുസൂക്ഷിക്കുന്ന താരംകൂടിയാണ് ബാബര്‍. എന്നാല്‍ പാക് നാഷണല്‍ ടി20 ചാമ്പ്യന്‍ഷിപ്പിനിടെ ബാബര്‍ അസമിന്റെ ക്ഷുഭിതരൂപം ആരാധകര്‍ കണ്ടു.
നാഷണല്‍ ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ നോര്‍ത്തേണ്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് ബാബര്‍ അസം ഷോട്ട് പാളിയതിന് ബാറ്റെടുത്ത് പിച്ചില്‍ അടിച്ച് കലി തീര്‍ത്തത്. കളിയുടെ 3-ാം ഓവറില്‍ ഇമാദ് വാസിമിന്റെ പന്തില്‍ ഫ്‌ളിക്കിന് ശ്രമിച്ച് പരാജയപ്പട്ട ബാബര്‍ ബാറ്റെടുത്ത് പിച്ചില്‍ പ്രഹരിക്കുകയായിരുന്നു. ബാബറിന്റെ നടപടിയെ കമന്റേറ്റമാര്‍ വിമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍ പതിയെ താളം വീണ്ടെടുത്ത ബാബര്‍, പതിനൊന്ന് ഫോറുകളും മൂന്ന് സിക്‌സും അടക്കം 65 പന്തില്‍ പുറത്താകാതെ 106 റണ്‍സുമായി കളംവിട്ടു. എങ്കിലും മത്സരത്തില്‍ ബാബര്‍ അസമിന്റെ ടീം തോല്‍വിയേറ്റുവാങ്ങി. 53 പന്തില്‍ 91 റണ്‍സ് വാരിയ ഹൈദര്‍ അലിയുടെ മികവില്‍ നോര്‍ത്തേണ്‍ പാക്കിസ്ഥാന്‍ ജയിക്കുകയായിരുന്നു.