ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ന്യൂസിലാന്‍ഡിന് രണ്ടാം ടെസ്റ്റില്‍ മികച്ച തുടക്കം. ഒന്നാം ദിനം ബംഗ്ലാദേശിനെ നല്ലവിധം കൈകാര്യം ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 349 എന്ന ശക്തമായ നിലയിലാണ്. ബംഗ്ലാദേശിന്റെ ഫീല്‍ഡിംഗ് പാളിയപ്പോള്‍ ഒരു പന്തില്‍ നിന്ന് ഒരു ജീവനും ഏഴ് റണ്‍സും ആതിഥേയര്‍ കണ്ടെത്തിയത് ഒന്നാം ദിനത്തെ രസമുള്ള കാഴ്ചയായി.
ന്യൂസിലാന്‍ഡിന്റെ വില്‍ യംഗിനാണ് ഒരു ഡെലിവറിയില്‍ നിന്ന് ഏഴ് റണ്‍സ് നേടുന്നതിനൊപ്പം തന്റെ വിക്കറ്റും സേവ് ചെയ്യാനായത്. സ്ലിപ്പില്‍ യംഗിന്റെ ക്യാച്ച് ഫീല്‍ഡര്‍ നഷ്ടപ്പെടുത്തിയപ്പോള്‍ പന്ത് നേരെ പോയത് ബൗണ്ടറി ലൈനിലേക്ക്. ഇവിടെ പന്ത് ബൗണ്ടറി ലൈന്‍ കടക്കാതെ ഫീല്‍ഡര്‍ രക്ഷിച്ചു. പന്ത് അവിടെ നിന്ന് നേരെ വിക്കറ്റ് കീപ്പറിലേക്ക്. എന്നിട്ടും തീര്‍ന്നില്ല.
പന്ത് കൈക്കലാക്കിയ കീപ്പര്‍ നേരയത് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് എറിഞ്ഞു. എന്നാലതിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. പന്ത് ബൗണ്ടറി ലൈന്‍ തൊട്ടു. ഇതോടെ മൂന്ന് റണ്‍സ് ഓടിയെടുത്ത ഫോറും കൂട്ടി ഏഴ് റണ്‍സ് ലഭിച്ചു.
ജീവന്‍ തിരിച്ചു കിട്ടിയതിനൊപ്പം എക്സ്ട്രാ റണ്‍സും ലഭിച്ചതോടെ വില്‍ യംഗ് അര്‍ദ്ധ ശതകം കണ്ടെത്തിയാണ് മടങ്ങിയത്. 114 ബോള്‍ നേടിട്ട താരം 5 ഫോറുകളുടെ അകമ്പടിയില്‍ 54 റണ്‍സെടുത്തു.