ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വമ്പന്‍ തോല്‍വി; അമ്പയര്‍മാരെ പഴിചാരി ബംഗ്ലാദേശ്

ക്രിക്കറ്റില്‍ മത്സരത്തിന്റെ വിജയപരാജയങ്ങള്‍ അമ്പയറുമാരെടുക്കുന്ന ചില തീരുമാനങ്ങള്‍ കാരണം മാറിമറിയാറുണ്ട്. ഇത്തവണ അമ്പയറുമാരുടെ തീരുമാനങ്ങള്‍ കാരണം പണികിട്ടിയത് ബംഗ്ലാദേശിനാണ്. ഡര്‍ബനില്‍ സമാപിച്ച ദക്ഷിണാഫ്രിക്കയുമായി നടന്ന ടെസ്റ്റ് തോല്‍ക്കാന്‍ കാരണം മോശം അമ്പയറിങ് മൂലമാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോര്‍ഡ്.

മത്സരത്തിന്റെ നാലാം ദിവസത്തെ പല തീരുമാനങ്ങളും തങ്ങളുടെ ടീമിനെ എതിരെ ആയിരുന്നുവെന്നാണ് ബംഗ്‌ളാദേശ് ടീം പറയുന്നത്. അമ്പയര്‍മാരായ അഡ്രിയന്‍ തോമസ് ഹോള്‍ഡ്‌സ്റ്റോക്കും മറിയസ് എറാസ്മസും എടുത്ത തീരുമാനങ്ങള്‍ പലതും നിലവാരമില്ലാത്തതായിരുന്നെന്നും ഇത് ദക്ഷിണാഫ്രിക്കയെ തുണക്കുകയും ചെയ്‌തെന്നും ബംഗ്ലാദേശ് ആരോപിച്ചു.

നേരത്തെ തന്നെ ടീം ഡയറക്ടര്‍ ഖാലിദ് മഹമ്മുദ് ന്യൂട്രല്‍ അമ്പയര്‍മാര്‍ വേണമെന്ന് നാലാം ദിവസത്തെ മത്സരം കഴിഞ്ഞപ്പോള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിറ്റേ ദിവസവും മാറ്റങ്ങള്‍ ഉണ്ടായില്ലെന്നും ബംഗ്‌ളാ ക്യാമ്പ് പറയുന്നു.

ഐസിസിയിലെ തന്നെ മികച്ച അമ്പയറുമാരില്‍ ഒരാളായ മറിയസ് എറാസ്മസിന് എതിരെ ഇത്തരം ആരോപണം കേള്‍ക്കുന്നത് ആദ്യമായിട്ടാണ്.