ബേസില്‍ ടീം ഇന്ത്യയില്‍ സ്ഥിര സാന്നിധ്യമാകുമെന്ന് ദിനേശ് കാര്‍ത്തിക്

മലയാളി താരം ബേസില്‍ തമ്പി അ്ന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമോയെന്ന് ഉറ്റുനോക്കുന്ന മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കട്ടക്കിലെ നെറ്റ്‌സില്‍ ബേസില്‍ തമ്പിയുടെ പ്രകരടനം കണ്ട ശേഷം താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്.

“പ്രതിഭയുളള ബൗളറാണ് ബേസില്‍ തമ്പി, ട20 ഫോര്‍മാറ്റില്‍ തിളങ്ങാനുളള മിടിക്ക് തമ്പിയ്ക്കുണ്ട്. യോര്‍ക്കര്‍ പന്തുകളില്‍ സ്ഥിരത നിലനിര്‍ത്താനും അതേപോലെ സ്ലോ ബോളുകള്‍ എറിയാനുമുളള തമ്പിയുടെ കഴിവ് അതിശപ്പെടുത്തുന്നു” കാര്‍ത്തിക് പറയുന്നു.

ടീം ഇന്ത്യയില്‍ വൈകാതെ തന്നെ ബേസില്‍ തമ്പി സ്ഥിരസാന്നിധ്യമാകുമെന്നും ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

ഭുംറ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവര്‍ ചൊവ്വാഴ്ച്ചത്തെ പരിശീലന സെഷന്‍ ഒഴിവാക്കിയപ്പോള്‍ മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട് എന്നിവര്‍ക്കൊപ്പം തമ്പിയായിരുന്നു നെറ്റ്‌സില്‍ നിറഞ്ഞുനിന്നത്.

ബേസില്‍ ഇന്ന് ഇന്ത്യന്‍ കുപ്പായം അണിഞ്ഞാല്‍ ടിനു യോഹന്നാന്‍, ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് ശേഷം ടീം ഇന്ത്യയിലെത്തുന്ന മലയാളി താരമാകും.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് കട്ടക്കിലെ ബാരാബതി സ്‌റേഡിയത്തിലേത് എന്നാണ് സൂചന. എന്നാല്‍ ഒരു വര്‍ഷത്തോളമായി അന്താരാഷ്ട്ര മത്സരങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ലാത്ത പിച്ചില്‍ അധികം പരീക്ഷണങ്ങള്‍ക്ക് മുതിരാതെ രണ്ട് സ്പിന്നര്‍മാരും രണ്ട് പേസ് ബൗളര്‍മാരും എന്ന ഫോര്‍മുലയായിരിക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സ്വീകരിക്കുക. പേസ് ബൗളര്‍മാരില്‍ ജസ്പീത് ഭുംറക്ക് മാത്രമാണ് ഇപ്പോള്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ളത്.