ഓസിസ് ഇതിഹാസത്തിന് നന്ദി പറഞ്ഞ് ബേസില്‍ തമ്പി

ഐപിഎല്ലില്‍ എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരം നേടി ശ്രദ്ധേയനായ ബേസില്‍ തമ്പി ഏഴു മാസത്തിനകം ടീം ഇന്ത്യയിലേക്കും ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരായ ടി-20 പരമ്പരയിലേക്കാണ് ബേസില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. ടീം ഇന്ത്യയില്‍ ഇടം കണ്ടെത്തിയ ബേസില്‍ തമ്പിയ്ക്ക് ഒരാളോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.

അത് മറ്റാരുമല്ല, ഓസ്ട്രേലിയന്‍ ബോളിങ് ഇതിഹാസം ഗ്ലെന്‍ മെഗ്രാത്തിനോടാണ് അത്.  മെഗ്രാത്തിന്റെ ശിക്ഷണത്തിലായിരുന്നു എം.ആര്‍.എഫ്.പേസ് ഫൗണ്ടേഷനില്‍ ബേസില്‍ പരിശീലനം നടത്തിയത്.

മെഗ്രാത്തില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും  വേഗത കൈവിടാതെ പന്ത് ചെയ്യാന്‍ അദ്ദേഹം ഉപദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും ബേസില്‍ ഒാര്‍ക്കുന്നു.  കളിക്കളത്തില്‍ ആ ഉപദേശങ്ങള്‍ എപ്പോഴും പാലിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും മലയാളി താരം പറയുന്നു.

മുഖ്യ പരിശീലകന്‍ സെന്തില്‍ നാഥിനും ബേസില്‍ നന്ദി പറയുന്നുണ്ട്.

രഞ്ജി ക്രിക്കറ്റിലേയും ഐ.പി.എല്ലിലേയും മികച്ച പ്രകടനമാണ് മലയാളിതാരം ബേസില്‍ തമ്പിയേ ഇന്ത്യന്‍ ടീമില്‍ എത്തിച്ചത്. തമിഴ്‌നാട് താരം സുന്ദറും ബേസിലിനൊപ്പം ടീമില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യന്‍ ദേശിയ ടീമില്‍ ഇടം പിടിയ്ക്കുന്ന മൂന്നാമത്തെ താരമാണ് ബേസില്‍.

.