ഓസ്ട്രേലിയക്കാര്‍ ഉന്നംവയ്ക്കുന്നത് ആ ഇന്ത്യന്‍ താരത്തെ മാത്രം, ഈ അവസരം മറ്റു താരങ്ങള്‍ പ്രയോജനപ്പെടുത്തണം'; ഉപദേശവുമായി ബാസിത് അലി

വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയുടെ പ്രാഥമിക ലക്ഷ്യം വിരാട് കോഹ്ലിയാണെന്ന് ബാസിത് അലി. അതിനാല്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അവസരങ്ങള്‍ പരമാവധി മുതലെടുക്കണമെന്നും റണ്‍സ് നേടണമെന്നും അദ്ദേഹം പറഞ്ഞു.

”റിക്കി പോണ്ടിംഗ് മുതല്‍ ടിം പെയ്ന്‍ വരെ വിരാട്, വിരാട്, വിരാട്, വിരാട്, വിരാട് എന്നാണ് സംസാരിക്കുന്നത്. അതിനാല്‍ ശേഷിക്കുന്ന ബാറ്റര്‍മാര്‍ക്ക് റണ്ണെടുക്കാന്‍ അവസരമുണ്ട്. ഓസ്ട്രേലിയക്കാര്‍ എപ്പോഴും ഒന്നോ രണ്ടോ കളിക്കാരുടെ പിന്നാലെയാണ് പോകുന്നത്. ഇത് മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും- അദ്ദേഹം പറഞ്ഞു.

തള്ളവിരലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിനെ ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കി ധ്രുവ് ജുറലിനെ പകരം കളിപ്പിക്കണമെന്ന് ബാസിത് അലി ആഗ്രഹിക്കുന്നു. ‘ധ്രുവ് ജൂറല്‍ പ്ലേഹിംഗ് ഇലവന്റെ ഭാഗമാകണം. അദ്ദേഹം മികച്ച ഫോമിലാണ്, ടീം അത് പ്രയോജനപ്പെടുത്തണം. അവനെ മൂന്നാം നമ്പര്‍ സ്ലോട്ടില്‍ ബാറ്റ് ചെയ്യിക്കൂ. അദ്ദേഹത്തിന് പന്ത് കട്ട് ചെയ്യാനും പുള്‍ ചെയ്യാനും കഴിയും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ എയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ 80ഉം 68ഉം റണ്‍സ് ജുറേല്‍ നേടിയിരുന്നു.

Read more