ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം താരങ്ങളുടെ വാര്‍ഷിക കരാര്‍ പുറത്തുവിട്ട് ബിസിസിഐ. മലയാളി താരം സഞ്ജു സാംസണ്‍ സ്ഥാനക്കയറ്റം ലഭിക്കാതെ സി ഗ്രേഡ് പട്ടികയില്‍ തന്നെയാണ് ഉള്‍പ്പെട്ടത്. അടുത്തിടെ ടി20 ക്രിക്കറ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ശ്രദ്ധേയ പ്രകടനം നടത്തിയ സഞ്ജു ബി ഗ്രേഡിലേക്ക് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ കരാറിലും സിയില്‍ തന്നെ ഉള്‍പ്പെടുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ എപ്ലസ് ഗ്രേഡ് ലിസ്റ്റിലാണ് ഉള്‍പ്പെട്ടത്. കഴിഞ്ഞ തവണയും ഇതേ ഗ്രേഡിലാണ് ഇവര്‍ ഉള്‍പ്പെട്ടിരുന്നത്.
ഗ്രേഡ് എ ലിസ്റ്റില്‍ മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷഭ് പന്ത് എന്നിവരാണുളളത്. റിഷഭ് പന്താണ് ഈ ലിസ്റ്റിലെ പുതിയ താരം. കഴിഞ്ഞ തവണ ഈ ഗ്രേഡിലുണ്ടായിരുന്ന ആര്‍ അശ്വിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കി. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയവര്‍ ബി ഗ്രേഡ് ലിസ്റ്റിലാണ് ഉള്‍പ്പെട്ടത്. ഒരിടവേളയ്ക്ക് ശേഷമാണ് ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ ഇടം നേടിയത്.
സഞ്ജു സാംസണ്‍ ഉളള സി ഗ്രേഡ് പട്ടികയില്‍ റിങ്കു സിങ്, തിലക് വര്‍മ്മ, റിതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയി, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പാട്ടിധാര്‍ തുടങ്ങിയവരാണുളളത്. സര്‍ഫറാസ് ഖാന്‍, ആകാശ് ദീപ്, ഇഷാന്‍ കിഷന്‍, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറല്‍, അഭിഷേക് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട പുതിയ താരങ്ങള്‍. ഗ്രേഡ് സിയില്‍ നിന്ന് ഇത്തവണ ഒഴിവാക്കപ്പെട്ടത് ശാര്‍ദുല്‍ താക്കൂര്‍, ജിതേഷ് ശര്‍മ്മ, കെഎസ് ഭരത്, ആവേശ് ഖാന്‍ തുടങ്ങിയവരാണ്.