ഐപിഎലില്‍ താരങ്ങളുടെ വിജയാഘോഷങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കളിക്കിടെ ബാറ്റര്‍മാരുടെയും ബോളര്‍മാരുടെയും വ്യത്യസ്ത സെലിബ്രേഷനുകള്‍ ആരാധകര്‍ക്കും വലിയ കാഴ്ചവിരുന്നായി മാറിയിരുന്നു. ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്പിന്നര്‍ ദിഘ്‌വേഷ് രതി ആണ് വിജയാഘോഷങ്ങള്‍ നടത്തിയതില്‍ മുന്നിലുളളത്. വിക്കറ്റ് നേടിയ ശേഷമുളള ദിഘ് വേഷിന്റെ നോട്ടുബുക്ക് സെലിബ്രേഷന്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ സെലിബ്രേഷന് പിന്നാലെ ബിസിസിഐ വലിയ രീതിയിലുളള പിഴയാണ് താരത്തിന് നല്‍കിയിരുന്നത്. എന്നാല്‍ താരം പിന്നീടുളള കളികളില്‍ തന്റെ വിജയാഘോഷം ആവര്‍ത്തിക്കുകയുമുണ്ടായി. ഇതിനും ബിസിസിഐ പിഴയിട്ടു.
മാച്ച് ഫീസിന്റെ അമ്പത് ശതമാനമാണ് പിഴയായി ഈടാക്കാന്‍ താരത്തോട് അംപയര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് ആരാധകരില്‍ നിന്നും, ക്രിക്കറ്റ് വിദഗ്ധന്‍മാരില്‍ നിന്നും, മുന്‍ക്രിക്കറ്റ് താരങ്ങളില്‍ നിന്നും, വലിയ വിമര്‍ശനങ്ങള്‍ വരാന്‍ ഇടയായി. ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും മുന്‍ ന്യൂസിലന്‍ഡ് പേസര്‍ സൈമണ്‍ ഡൗളും പരസ്യമായി ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തുകയുമുണ്ടായി. മോശം പെരുമാറ്റത്തിന് എന്തുകൊണ്ടാണ് ഇന്ത്യയുടെ സീനിയര്‍ കളിക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നാണ് ഇവര്‍ ചോദിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 30 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ എടുത്ത ദിഘ്‌വേഷ് രതിയുടെ നോട്ട്ബുക്ക് സെലിബ്രേഷന് പിഴയിട്ട ബിസിസിഐയുടെ നടപടിയെ കടുത്ത ഭാഷയിലാണ് സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചത്.
Read more
കളിയില്‍ ആവേശം കൊണ്ടുവന്നതിന് പിഴയല്ല താരത്തിന് കൂടുതല്‍ പ്രോത്സാഹനമാണ് വേണ്ടതെന്നായിരുന്നു പലരുടെയും അഭിപ്രായം. തുടര്‍ന്നാണ് ഐപിഎലില്‍ കളിക്കാരുടെ ആഘോഷങ്ങളില്‍ അയവ് വരുത്താന്‍ അമ്പയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്. കഴിഞ്ഞ ദിവസം നടന്ന അംപയര്‍മാരുടെ വീക്കിലി റിവ്യൂവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഈ സീസണില്‍ ദിഘ്‌വേഷ് രതിക്ക് തുടര്‍ച്ചയായി പിഴ നല്‍കിയതില്‍ ആരാധകരോഷം ഉയര്‍ന്നതോടെയാണ് ബിസിസിഐ മാച്ച് ഒഫീഷ്യല്‍സിനോട് കൂടുതല്‍ മൃദുത്വം കാണിക്കാന്‍ ആവശ്യപ്പെട്ടത്.