ശ്രീലങ്കയിലെ ആഭ്യന്തര കലാപം ഉച്ചസ്ഥായിയിലെത്തിക്കുന്ന സാഹചര്യത്തില്‍ ഓഗസ്റ്റില്‍ അവിടെ ഷെഡ്യൂള്‍ ചെയ്ത ഏഷ്യാ കപ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ചൂടുപിടിച്ചിരിക്കുകയാണ്. പകരം വേദിയായി ബംഗ്ലാദേശിനെ സ്റ്റാന്‍ഡ് ബൈയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണെന്നും അതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും ഗാംഗുലി പറഞ്ഞു.
‘എനിക്ക് ഇപ്പോള്‍ ഇതില്‍ അഭിപ്രായം പറയാന്‍ കഴിയില്ല. ഞങ്ങള്‍ നിരീക്ഷണം തുടരും. ഓസ്ട്രേലിയ ഇപ്പോള്‍ അവിടെ കളിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ശ്രീലങ്കന്‍ ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. അതിനാല്‍, ഒരു മാസം കാത്തിരിക്കാം’ ഗാംഗുലി പറഞ്ഞു.
ശ്രീലങ്കയില്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ മത്സരക്രമത്തില്‍ മാറ്റമുണ്ടെന്നും ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 7 വരെയാവും മത്സരങ്ങളെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല.
ഏഷ്യാ കപ്പിന് ഒരു മാസത്തിലധികം ശേഷിക്കെ ടൂര്‍ണമെന്റിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുമെന്ന് തന്നെയാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉറപ്പിച്ച് പറഞ്ഞത്. ജനങ്ങളായും ക്രിക്കറ്റിന് എതിരല്ലെന്‌നും ടൂര്‍ണമെന്റ് സമാധാനപരമായി നടത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്നുമാണ് ജയസൂര്യ പറയുന്നത്.