രാജസ്ഥാന്‍ റോയല്‍സിനെതിരെ സൂപ്പര്‍ ഓവറില്‍ ജയം പിടിച്ച് മികച്ച തിരിച്ചുവരവാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നലത്തെ മത്സരത്തില്‍ നടത്തിയത്. അരുണ്‍ ജെയ്റ്റ്‌ലീ സ്റ്റേഡിയത്തിലായിരുന്നു ആവേശകരമായ മത്സരം നടന്നത്. കളിക്കിടെ മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹിയുടെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗവുമായ മുനാഫ് പട്ടേല്‍ അമ്പയറുമായി തര്‍ക്കിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് ബിസിസിഐ കടുത്ത പിഴ താരത്തിന് നല്‍കിയിരിക്കുകയാണ്. ഐപിഎലില്‍ ഈ സീസണില്‍ ആദ്യമായാണ് ഒരു ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന് ഫൈന്‍ ലഭിക്കുന്നത്.
ലീഗിന്റെ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിനാണ് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബോളിങ് കോച്ചായ മുനാഫ് പട്ടേലിന് പിഴ. മാച്ച് ഫീസിന്റെ 25% ഫൈനായി കെട്ടണമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. കൂടാതെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് ലഭിച്ചു. ആര്‍ട്ടിക്കിള്‍ 2.20 പ്രകാരം ലെവല്‍ 1 കുറ്റകൃത്യം പട്ടേല്‍ സമ്മതിച്ചതായും ഐപിഎല്‍ പ്രസ്താവനയിലുണ്ട്.
മത്സരത്തിനിടെ ഫീല്‍ഡിലുളള കളിക്കാര്‍ക്ക് ഒരു റിസര്‍വ് പ്ലെയറെ അയച്ച് സന്ദേശം എത്തിക്കാന്‍ മുനാഫ് പട്ടേല്‍ ശ്രമിക്കവെ അതിന് അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് താരം ഫോര്‍ത്ത് അംപയറിനോട് ചൂടായത്. ബൗണ്ടറി ലൈനിന് അരികിലായി ഷൂ ലേസ് കെട്ടികൊണ്ടിരിക്കവേയാണ് മുനാഫ് പട്ടേല്‍ അംപയറെ ചോദ്യം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിട്ടുണ്ട്.
Munaf Patel had a heated exchange with the 4th umpire during the #DCvRR match at the Arun Jaitley Stadium, Delhi after the umpire denied sending a player to enter the ground to convey his message.#DCvsRR #IPL2025 pic.twitter.com/hHv0tNAUvd
— Gaurav Chaudhary (@gkctweets) April 16, 2025