ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസൺ ആരംഭിക്കാൻ ഒരുങ്ങുമ്പോൾ ആവേശകരമായ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണാണ് ആരാധകർ പ്രതീക്ഷിക്കുനത്ത്. ഇപ്പോഴിതാ ഐപിഎൽ മത്സരങ്ങളിൽ ക്രിക്കറ്റ് പന്തുകളിൽ തുപ്പൽ തേക്കുന്നത് നിരോധിച്ചുള്ള നടപടി പുനഃപരിശോധിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ടീമുകളുടെ നായകന്മാർക്ക് ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കുക എന്നാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.
സീസൺ തുടങ്ങുന്നതിന് മുന്നോടിയായി പത്ത് ഫ്രാഞ്ചൈസികളുടെയും ക്യാപ്റ്റന്മാർ ഇന്ന് മുംബയിൽ ഒത്തുചേരും. മുംബൈയിൽ ചേരുന്ന യോഗത്തിൽ പന്തിൽ തുപ്പൽ തേക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. പന്തിന്റെ തിളക്കം നിലനിർത്തി സ്വിങ് ലഭിക്കുന്നതിനായി തുപ്പലോ വിയർപ്പോ പന്തിന്റെ ഒരു ഭാഗത്ത് തേച്ചുപിടിപ്പിക്കുന്ന പതിവ് സാധാരണ ക്രിക്കറ്റിൽ ചെയ്യുന്നതാണ്. എന്നാൽ കോവിഡ് വന്നതോടെ ഈ രീതി ബിസിസിഐ മാറ്റി.
ഇത് ബിസിസിഐ പുനഃപരിശോധിക്കാത്ത സാഹചര്യത്തിൽ ഈ നാളുകളിൽ തങ്ങൾക്ക് റിവേഴ്‌സ് സ്വിങ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കിട്ടുന്നില്ല എന്നും തങ്ങളുടെ പ്രകടനങ്ങളെ ബാധിക്കുന്നു എന്നുമാണ് ബോളർമാർ പറഞ്ഞിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ തീരുമാനം നായകന്മാരുടെ മീറ്റിംഗിലേക്ക് വിടുന്നത്.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ശനിയാഴ്ച്ച തുടങ്ങുന്ന ആർസിബി- കെകെആർ മത്സരത്തോടെ ആരംഭിക്കും.