പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുളള ക്രിക്കറ്റ് മത്സരങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി ബിസിസിഐ. പാകിസ്ഥാനുമായി ഇനി ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പഹല്‍ഗാമില്‍ വിനോദസഞ്ചാരികളായ 26 പേരാണ് ആയുധധാരികളായ തീവ്രവാദികളുടെ ആക്രണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഇത് നിഷേധിച്ചു. തുടര്‍ന്നാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുളള ക്രിക്കറ്റ് മത്സരങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ബിസിസിഐയോട് പലരും ആവശ്യപ്പെട്ടത്.
അതേസമയം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും ഇനി ഉണ്ടാവരുതെന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് ബിസിസിഐയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇരുവരും ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഏറ്റുമുട്ടുന്നത് ഒഴിവാക്കാന്‍ ഐസിസിയോട് ആവശ്യപ്പെടാനൊരുങ്ങുകയാണ് ബിസിസിഐയെന്നും അറിയുന്നു. മുന്‍പ് ഇന്ത്യ-പാക് മത്സരങ്ങള്‍ ചാനലുകള്‍ക്ക് കോടിക്കണക്കിന് കാഴ്ചക്കാരെയും വലിയ വരുമാനവും നേടിക്കൊടുത്തിരുന്നു. സ്‌റ്റേഡിയങ്ങളിലും നിരവധി പേരാണ് മത്സരങ്ങള്‍ കാണാനായി എത്തിയിരുന്നത്.
എന്നാല്‍ പഹല്‍ഗാമിലെ ദാരുണ സംഭവത്തിന് പിന്നാലെ ഇനി ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കാനുളള സാധ്യത കുറവാണ്. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നടന്ന സമയത്ത് അവിടേക്ക് പോവാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഹ്രൈബിഡ് മോഡലിലാണ് ടൂര്‍ണമെന്റ് നടന്നത്. പാകിസ്ഥാനിലും ദുബായിലുമായി നടന്ന മത്സരത്തില്‍ ഇന്ത്യ കിരീടം നേടി.