ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ വെച്ച് തോല്‍പ്പിക്കുക എന്നത് ആഷസ് നേടുന്നതിനേക്കാള്‍ മഹത്തരമാണെന്ന് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ പരമ്പര നേട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സ്വാനിന്റെ പരാമര്‍ശം. ഓസ്‌ട്രേലിയന്‍ ടീം പഴയ പോലെ കരുത്തരല്ലെന്നും, അതിനാല്‍ ഇന്ത്യയെ തോല്‍പ്പിക്കുക എന്നതാണ് ഇംഗ്ലണ്ടിന് മുന്നിലുള്ള വലിയ വെല്ലുവിളിയെന്നും സ്വാന്‍ പറഞ്ഞു.
“2012ല്‍ ഇന്ത്യയില്‍ ഇംഗ്ലണ്ട് ജയിച്ചെങ്കിലും, ഇന്ത്യയില്‍ വെച്ച് ഇന്ത്യയെ കീഴടക്കുക എന്നത് ഏറെ കുറെ അസാദ്ധ്യമാണ്. സ്പിന്നര്‍മാര്‍ മികവ് കാണിച്ചെങ്കില്‍ മാത്രമാണ് ഇന്ത്യയില്‍ പരമ്പര നേടാന്‍ സാധിക്കുക. ബാറ്റിംഗ് നിര ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം.”
“സ്പിന്നര്‍മാര്‍ക്കെതിരെ കെവിന്‍ പീറ്റേഴ്സണെ പോലെ മികവ് കാണിക്കുന്ന ബാറ്റ്സ്മാനെയാണ് ഇംഗ്ലണ്ടിന് വേണ്ടത്. ആഷസ് വരുന്നു എന്നാണ് ഇംഗ്ലണ്ട് എപ്പോഴും പറയാറുള്ളത്. എന്നാല്‍ ഓസ്ട്രേലിയയെ കീഴടക്കുക എന്നത് ഇപ്പോള്‍ വലിയ വെല്ലുവിളിയല്ല. പണ്ടത്തെ ഓസ്ട്രേലിയന്‍ ടീം പോലെ കരുത്തരല്ല ഇപ്പോഴത്തെ ഓസ്ട്രേലിയന്‍ ടീം. പണ്ടത്തെ ടീമിന്റെ മികവില്‍ നിന്ന് ഏറെ അകലെയാണ് അവരിപ്പോള്‍. അതുകൊണ്ട് തന്നെ ആഷസ് നേടുന്നതിനേക്കാള്‍ മഹത്തരം ഇന്ത്യയില്‍ പരമ്പര നേടുന്നതാണ്” ഗ്രെയിം സ്വാന്‍ പറഞ്ഞു.
നാലു ടെസ്റ്റ് മത്സരവും മൂന്നു ഏകദിനവും അഞ്ച് ടി20 മത്സരവും ഉള്‍പ്പെടുന്ന സുദീര്‍ഘമായ പരമ്പരയ്ക്കാണ് ഇന്ത്യയും ഇംഗ്ലണ്ടും തയ്യാറെടുക്കുന്നത്. ഫെബ്രുവരി അഞ്ചിന് ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുക. ആദ്യ രണ്ട് ടെസ്റ്റിന് ചെന്നൈയാണ് വേദിയാകുന്നത്. ബാക്കി രണ്ട് മത്സരത്തിന് അഹമ്മദാബാദ് വേദിയാകും.