ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഫ്രാഞ്ചൈസികളുടെ വിജയത്തില്‍ ഓപ്പണര്‍മാര്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ജോസ് ബട്ട്ലറും യശസ്വി ജയ്സ്വാളും രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് നടത്തിയത്. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മത്സരങ്ങള്‍ ജയിപ്പിക്കുന്നു. എന്നിരുന്നാലും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട്, സുനില്‍ നരെയ്ന്‍ എന്നിവരാണ് ഏറ്റവും സ്ഥിരത പുലര്‍ത്തിയത്.

രസകരമെന്നു പറയട്ടെ, നരെയ്ന്‍ സ്വാഭാവിക ഓപ്പണിംഗ് ബാറ്ററല്ല. കൂടാതെ ശക്തികളേക്കാള്‍ കൂടുതല്‍ ബലഹീനതകളുമുണ്ട്. ബോളര്‍മാര്‍ക്ക് താരത്തിന്റെ കാലുകള്‍ ലക്ഷ്യമാക്കിയോ യോര്‍ക്കറുകള്‍ നല്‍കിയോ അവനെ വേഗത്തില്‍ പുറത്താക്കാന്‍ കഴിയും. ഓഫ് സ്റ്റംപിന് പുറത്തുള്ള ഡെലിവറികള്‍ പോലും താരത്തെ പുറത്താക്കുന്നു.

എന്നിരുന്നാലും, ഈ എല്ലാ പ്രശ്‌നങ്ങളും ഉണ്ടായിരുന്നിട്ടും, നരെയ്ന്‍ ഉത്തരങ്ങളുമായി വന്ന് ബോളര്‍മാരെ കണക്കിന് കൈകാര്യം ചെയ്യുന്നു. ഇപ്പോഴിതാ കെകെആര്‍ ഓപ്പണര്‍മാരെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം നവജ്യോത് സിംഗ് സിദ്ദു.

Image

”ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും പിടിച്ചുകെട്ടാന്‍ പറ്റാത്ത രകൂട്ടുകെട്ടാണ്. പക്ഷേ ഒരു ഓപ്പണിംഗ് ജോഡിയും ഫില്‍ സാള്‍ട്ടിന്റെയും സുനില്‍ നരെയ്‌ന്റെയും ഏഴയലത്ത് വരുന്നില്ലെന്ന് എനിക്ക് തോന്നുന്നു. മിക്ക കളികളിലും ഇരുവരും ബൗളര്‍മാരില്‍ ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. നരൈനും സാള്‍ട്ടും ഐപിഎല്ലില്‍ ആധിപത്യം പുലര്‍ത്തുന്ന ബാറ്റിംഗ് ജോഡിയാണ്.

അവരുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ എളുപ്പത്തില്‍ വിശദീകരിക്കാനാവില്ല. ഓപ്പണര്‍മാര്‍ സംഭാവന ചെയ്യുന്നതിനാല്‍ കെകെആര്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഹെഡിനും അഭിഷേകിനും വെടിക്കെട്ട് നടത്താന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും എസ്ആര്‍എച്ച് പരാജയപ്പെട്ടു- സിദ്ദു പറഞ്ഞു.