ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയും പേസ് കുന്തമുന ജസ്പ്രീത് ബുംറയും പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പരിശീലന പിങ്ക് ബോൾ ടെസ്റ്റ് നഷ്‌ടപ്പെടുത്തി, പകരം ബോർഡർ-ഗവാസ്‌കർ പരമ്പരയിലെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി കാൻബെറയിലെ മനുക്ക ഓവലിൽ നടന്ന തീവ്രമായ നെറ്റ് സെഷനിൽ പങ്കെടുത്തു. ഡിസംബർ 6 മുതൽ അഡ്‌ലെയ്ഡിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കാൻ പോകുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, പെർത്ത് ടെസ്റ്റിൽ മികച്ച സെഞ്ച്വറി നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത കോഹ്‌ലി നെറ്റ്‌സിൽ ബുംറയുടെ പന്തുകൾ നേരിടുന്ന ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എന്തായാലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ഒരു വീഡിയോ ഇപ്പോൾ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനോട് 3-0ന് തോറ്റതിനാൽ ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യ കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഈ തോൽവി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ സങ്കീർണ്ണമാക്കി. എന്നാൽ, പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരായ ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്തു.
രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ഇനിയുള്ള 4 മത്സരങ്ങളിൽ രണ്ടെണ്ണം ജയിക്കാനായാൽ ഫൈനൽ കളിക്കാനുള്ള സാധ്യത കൂടും.