ഫാന്‍ ഫൈറ്റിന് അപ്പുറം ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെല്ലാം അയാളുടെ തിരിച്ചുവരവിനെ പ്രതീക്ഷിച്ചിരുന്നവരാണ്

ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുമ്പോഴാകും മനുഷ്യന്‍ കൂടുതലായും ഫിലോസഫിക്ക്യലായി മാറുന്നത് എന്ന് തോന്നുന്നു. കഴിഞ്ഞരാത്രിയിലെ ഗുജ്റാത്തുമായുള്ള മത്സരത്തിന് മുന്‍പ്, സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ ഒരു അഭിമുഖം കണ്ടപ്പോള്‍, എത്ര അളവ് കൊടുത്തു തുന്നിച്ചാലും അയാള്‍ക്ക് ഒരിക്കലും പാകമാകാത്ത ഒരു ദാര്‍ശനികന്റെ കുപ്പായം വിരാട് കോഹ്ലി എടുത്തണിയുകയാണെന്ന് തോന്നിയിരുന്നു. തന്റെ മോശം ബാറ്റിങ് ഫോമിനെ കുറിച്ചുള്ള ചോദ്യത്തിന് കോഹ്ലി നല്‍കിയ ഈ മറുപടിയാണ് എന്നെ അങ്ങനെ ചിന്തിപ്പിച്ചത്.

‘ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഫേസിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്. ഗ്രൗണ്ടില്‍ ഞാന്‍ എന്ത് ചെയ്യുന്നു എന്നത് എന്നെ സമ്മന്ധിച്ച് ഒരു മൂല്യവുമുള്ള കാര്യമല്ല. ഞാന്‍ ആ ഘട്ടം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഒരു പരിണാമത്തിന്റെ പാതയിലാണ് ഞാന്‍. എന്റെ വ്യക്തിഗത പരാജയങ്ങള്‍ ടീമിന്റെ ആത്മവീര്യത്തെ കെടുത്തതിരിക്കുവാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത് ‘

കോഹ്ലിയുടെ ഈ വാക്കുകള്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രൗണ്ടിലെ അയാളുടെ മാനറിസങ്ങളെ ഒന്ന് റെസ്‌ട്രോസ്പെക്ട് ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചു.നേരിട്ട ആദ്യ പന്തുകള്‍ തന്നെ ഷോട്ട്മിഡ് വിക്കറ്റിന്റെയും, പോയിന്റിന്റെയും കൈളിലേക്ക് കോരിയിട്ട് കൊടുത്ത് ഗോള്‍ഡന്‍ ഡക്കിന് പുറത്താവുമ്പോള്‍, മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ ശ്രമിക്കുന്ന കോഹ്ലി. ഫ്‌ലിക്കിന് ശ്രമിക്കുമ്പോള്‍, ബാറ്റിന്റെ ബോട്ടം എഡ്ജില്‍ ഉരസിയ പന്ത്, തൈ പാഡില്‍ കൊണ്ടുയര്‍ന്നു ഷോര്‍ട് ഫൈന്‍ലെഗ് ഫീല്‍ഡറുടെ കയ്യില്‍ ഒതുങ്ങുമ്പോള്‍ ഇരുകൈകളും ഉയര്‍ത്തി ആകാശത്തെക്ക് നോക്കി എന്തോ ഉരുവിട്ടു കൊണ്ട് പതുക്കെ നടന്നകലുന്ന കോഹ്ലി. എതിര്‍ ടീമിന്റെ ഓരോ വിക്കറ്റുകള്‍ വീഴുമ്പോഴും, വിക്കറ്റെടുത്ത ബൗളറേക്കാള്‍, ക്യാച്ച് എടുത്ത ഫീല്‍ഡറെക്കാള്‍, നയിക്കുന്ന ക്യാപ്റ്റനേക്കാള്‍ ആവേശത്തോടെ ആക്രോശിക്കുകയും, അലറിവിളിക്കുകയും ചെയ്യുന്ന, ആ വീണ വിക്കറ്റിന്റെ ഒരു സ്‌പേസിലും ഇല്ലാത്ത, ഡീപ്പില്‍ ബൗണ്ടറി ലൈനിനു ചാരെ ഫീല്‍ഡ് ചെയ്യുന്ന കോഹ്ലി.

May be an image of 1 person, playing a sport and text

അതെ, അയാള്‍ സ്വയം ഒരു മുഖമൂടി എടുത്ത് അണിയുകയായിരുന്നു. തന്റെ വ്യക്തിഗത പരാജയങ്ങള്‍ തന്നെ ഡിസ്ട്രാക്ട് ചെയ്യുകയോ തന്റെ ടീമിനോടുള്ള കമ്മിറ്റ്‌മെന്റിനെ ഡിമോട്ട് ചെയ്യുകയോ ചെയ്യുന്നില്ല എന്ന് കാണിക്കുവാന്‍ അയാള്‍ ഒരു പുഞ്ചിരിയുടെ, ഒരു ഓവറെന്തൂസിയാസത്തിന്റെ മേലങ്കി എടുത്തണിയുകയായിരുന്നു. ഒരു ശശി തരൂരിയന്‍ വോക്കാബുലറിയില്‍ പറഞ്ഞാല്‍, ‘He was Masquerading.’

എന്നാല്‍ ദാര്‍ശനികന്റെ മുഖമൂടി വലിച്ചെറിഞ്ഞുകൊണ്ട് , തന്റെ പരാജയങ്ങളില്‍ താന്‍ എത്രത്തോളം ഫ്രസ്റ്റ്‌റേറ്റഡായിരുന്നു എന്ന് വെളിവാക്കുന്നതായിരുന്നു വാങ്കഡയില്‍ കഴിഞ്ഞരാത്രിയില്‍ നമ്മള്‍ കണ്ട കോഹ്ലി. ഷമിയുടെ ഫുള്‍ ലെങ്ത് ഡെലിവറിയെ ബൗളറുടെ തലയ്ക്ക് മുകളിലൂടെ സ്‌ട്രൈറ്റ് ബൗണ്ടറിയിലേക്ക് പായിച്ചപ്പോഴും, മറ്റൊരു ഫുള്‍ ലെങ്ത് ഡെലിവറിയെ ഒരു ഇന്‍സൈഡ് ഔട്ട് ഷോട്ട് എന്ന് തോന്നിപ്പിക്കും വിധം ഫ്രണ്ട് ഫുട്ടില്‍ കവറിന് മുകളിലൂടെ ബൗണ്ടറി കടത്തിയപ്പോഴും, ഫാഫിനു നല്‍കിയ ഒരു ഫിസ്‌റ് പഞ്ചില്‍ സെലിബ്രേഷന്‍ ഒതുക്കിയ കൊഹ്ലി, പാണ്ട്യയുടെ ഡെലിവറി തന്റെ ഇന്‍സൈഡ് എഡ്ജ് എടുത്ത് സ്റ്റമ്പുകകളെ ഒഴിവാക്കി ഫൈന്‍ ലെഗ് ബൗണ്ടറി കടന്നപ്പോഴും, ഒരു ഫ്‌ലിക്ക് ഷോട്ട് സ്‌ക്വയര്‍ ലെഗില്‍ നിന്ന റാഷിദ് ഖാന്റെ കൈകളില്‍ ഒതുങ്ങാതെ ബൗണ്ടറി കടന്നപ്പോഴും, അനിമേറ്റഡായി സെലിസ്‌ബ്രേറ്റ് ചെയ്യുന്ന കാഴ്ച കഴിഞ്ഞ രാത്രിയില്‍ നമ്മള്‍ കണ്ടു.

തന്റെ ഹെഡ് പൊസിഷനും, ടൈമിങ്ങും ഈ രാത്രി പെര്‍ഫെക്ട് ആണ് എന്ന തിരിച്ചറിവിനോപ്പം, കഴിഞ്ഞ കുറച്ച് നാളുകളായി തന്നെ എല്യുഡ് ചെയ്ത ലക്ക് ഫാക്ടറും ഈ രാത്രി തനിക്കൊപ്പമാണ് എന്ന ബോധ്യമാണ് അയാളെ അത്രത്തോളം ഉന്മാദിയാക്കിയത്. അത് അയാള്‍ അനുഭവിച്ചിരുന്ന, അയാള്‍ ബോധപൂര്‍വ്വം മൂടിവെയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഫ്രസ്റ്റ്‌സ്‌ട്രെഷന്റെകൂടി റവിലേഷന്‍ ആയിരുന്നു.

May be an image of 5 people and text

ഒരു ഡിറ്റോ വിന്റജ് കൊഹ്ലിയെ അല്ല നമ്മള്‍ കഴിഞ്ഞരാത്രിയില്‍ കണ്ടത്. എന്നാല്‍ സായി കിഷോറിന് മുന്‍പില്‍ പതറിയപ്പോഴും, റാഷിദ് ഖാനെ ഡീപ് മിഡ്വിക്കറ്റിന് മുകളിലൂടെ പറത്തിയ ആ സിഗനേച്ചര്‍ ബോട്ടം ഹാന്‍ഡഡ് ഷോട്ടൊക്കെ വിന്റജ് കൊഹ്ലിയുടെ അലകള്‍ ഉയര്‍ത്തുന്നവയായിരുന്നു.

ഫാന്‍ ഫൈറ്റിന്റെ പേരില്‍ ട്രോളുമ്പോഴും, ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെല്ലാം അയാളുടെ രാജാകീയമായ തിരിച്ചുവരവിനെ പ്രതീക്ഷിച്ചിരുന്നവരാണ്. ആയുധം താഴെ വെച്ച് ദാര്‍ശനികനായി മാറിയ അശോകനായിട്ടല്ല, കലിംഗയുദ്ധം ജയിച്ച വീറും വാശിയുമുള്ള രണധീരനായ അശോകചക്രവര്‍ത്തിയായി അയാളെ കാണാനാണ് നാം ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ രാത്രിയിലെ ഇന്നിങ്‌സ്, കിംഗ് കൊഹ്ലിയുടെ റിഡമ്പ്ഷന്റെ പൂര്‍വ്വലക്ഷണമാകട്ടെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍