BGT 2024-25: ഗാബയില്‍ ഇന്ത്യയെ കാത്ത് വലിയ അപകടം, ബാറ്റര്‍മാര്‍ക്ക് അശുഭ വാര്‍ത്ത

ശനിയാഴ്ച ബ്രിസ്ബേനിലെ ഗാബയില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് മഴ ഭീഷണി. കാലാവസ്ഥാ പ്രവചനമനുസരിച്ച്, ടെസ്റ്റ് മത്സരങ്ങളുടെ 1, 2, 3, 4 ദിവസങ്ങളില്‍ മഴ പ്രവചിക്കപ്പെടുന്നു. ഒന്നാം ദിവസം മഴയ്ക്കുള്ള സാധ്യത 88 ശതമാനമാണ്, അതേസമയം 2, 3, 4 ദിവസങ്ങളില്‍ മഴ പെയ്യാനുള്ള സാധ്യത 50 ശതമാനത്തിലേറെയാണ്.

പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ് മൂന്നാം ടെസ്റ്റ്. പരമ്പരയില്‍ ഇരുടീമുകളും 1-1ന് സമനിലയിലാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ ജയം രേഖപ്പെടുത്തിയപ്പോള്‍ അഡ്ലെയ്ഡില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ഓസ്ട്രേലിയ തിരിച്ചുവരവ് നടത്തി.

ഓസ്‌ട്രേലിയയിലെ ഏറ്റവും വേഗതയേറിയ പിച്ചുകളിലൊന്നാണ് ബ്രിസ്‌ബേനിലുള്ളത്. മൂടിക്കെട്ടിയ അന്തരീക്ഷം പിച്ചിനെ കൂടുതല്‍ സജീവമാക്കും. ഇത് ബാറ്റര്‍മാരുടെ മത്സരം കഠിനമാക്കും.

കൂടുതല്‍ ശക്തമായ ബൗളിംഗ് ആക്രമണമുള്ളതിനാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം ഓസ്ട്രേലിയയെ കൂടുതല്‍ സഹായിക്കും. ഹേസില്‍വുഡ്, സ്റ്റാര്‍ക്ക്, കമ്മിന്‍സ് എന്നിവരോടൊപ്പം ഓസ്ട്രേലിയക്ക് ഏത് എതിരാളികളെയും ഗുരുതരമായ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയും.

വേഗമേറിയതും ബൗണ്‍സിയുമായ ട്രാക്ക് ഉയരമുള്ള ഓസ്ട്രേലിയന്‍ ബോളര്‍മാരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ അനുവദിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവര്‍ കൂടുതല്‍ ആശ്രയിക്കുന്നത് ജസ്പ്രീത് ബുംറയെയാണ്.