മോശം ഫോമിലുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ നിസാരക്കാരനായി കാണരുതെന്ന് ഓസീസ് ബോളര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗ്ലെന്‍ മഗ്രാത്ത്. കോഹ്‌ലി വൈകാരികമായി പ്രതികരിക്കുന്ന താരമാണെന്നും മോശം ഫോമിലാണെന്ന് കരുതി താരത്തെ അനാവശ്യമായി സ്ലെഡ്ജ് ചെയ്യാനോ പ്രകോപിപ്പിക്കാനോ പോയാല്‍ അത് അപകടമാണെന്നും മഗ്രാത്ത് മുന്നറിയിപ്പ് നല്‍കി.
വിരാട് കോഹ്‌ലിയെ വൈകാരികമായി ഒരിക്കലും പ്രചോദിപ്പിക്കരുത്. നിലവില്‍ കോഹ്‌ലി അല്‍പ്പം സമ്മര്‍ദ്ദത്തിലാവും ഉണ്ടാവുക. അതുകൊണ്ടുതന്നെ തുടക്കത്തിലേ തന്നെ ചെറിയ സ്‌കോറുകള്‍ക്ക് കോഹ്‌ലിയെ പുറത്താക്കാനായാല്‍ അവനെയത് മാനസികമായി തളര്‍ത്തിയേക്കും.
അവന്‍ വൈകാരികമായി കളിക്കുന്ന താരമാണ്. അവന്‍ ഉയര്‍ന്നാല്‍ അത് വലിയ ഉയര്‍ച്ചയാവും. എന്നാല്‍ താഴോട്ട് പോയാല്‍ അത് തുടരും. ന്യൂസീലന്‍ഡിനോട് വൈറ്റ് വാഷ് നേരിട്ട ക്ഷീണം ഇന്ത്യന്‍ ടീമിനുണ്ടാവും. അതിന്റെ സമ്മര്‍ദ്ദത്തില്‍നിന്ന് ഉയരാന്‍ അവര്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്- മഗ്രാത്ത് പറഞ്ഞു.
ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലി തന്റെ നിലവാരം കാണിച്ചിട്ടില്ല. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഒരു ടെസ്റ്റ് സെഞ്ചുറിയും ഈ വര്‍ഷം താരത്തിന്റെ അക്കൗണ്ടിലില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ഒരാഴ്ച മാത്രം ശേഷിക്കെ, മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോഹ്ലിയുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാണ്.