ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടയില്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ഇന്ത്യന്‍ കളിക്കാരെ ലക്ഷ്യമിടുന്നത് തുടരുകയാണ്. രവീന്ദ്ര ജഡേജയാണ് അവരുടെ ഏറ്റവും പുതിയ ഇര. കഴിഞ്ഞ തന്റെ സമ്മതമില്ലാതെ തന്റെ കുടുംബത്തെയും തന്നെയും ചിത്രീകരിച്ചതിന് വിരാട് കോഹ്‌ലി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചിരുന്നു. ഇപ്പോള്‍, മെല്‍ബണിലെ മാധ്യമപ്രവര്‍ത്തകര്‍ ജഡേജയുടെ ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം നല്‍കുന്നില്ലെന്നും പകരം മാതൃഭാഷയായ (ഹിന്ദി) മുന്‍ഗണന നല്‍കിയെന്നും ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം നല്‍കാന്‍ രവീന്ദ്ര ജഡേജ വിസമ്മതിച്ചതായി ചാനല്‍ 7 റിപ്പോര്‍ട്ട് ചെയ്തു. എംസിജിയിലെ ഇന്ത്യയുടെ പരിശീലന സെഷനുശേഷം ഓള്‍റൗണ്ടര്‍ ശനിയാഴ്ച ഒരു ചെറിയ പത്രസമ്മേളനം നടത്തി. ടീം മാനേജര്‍ പിസിയിലേക്ക് തങ്ങളെ ക്ഷണിച്ച് വരുത്തിയിട്ടും ജഡേജ ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ മാത്രമാണ് ഉത്തരം നല്‍കിയതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടു.
കളിക്കാര്‍ക്ക് അവരുടെ മാതൃഭാഷയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഒരു തരത്തിലുമുള്ള തടസ്സവുമില്ല. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങി നിരവധി ആഗോള കായിക സൂപ്പര്‍താരങ്ങള്‍ ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അത്ര പര്യാപ്തരല്ല. പകരം അവരുടെ മാതൃഭാഷയില്‍ സംസാരിക്കാനാണ് അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
വിരാട് കോഹ്ലിയുടെ കാര്യത്തിലെന്നപോലെ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ജഡേജയുടെ മാതൃഭാഷാ സ്‌നേഹത്തെ വലിയ സംഭവമാക്കാന്‍ ശ്രമിക്കുകയാണ്.