ഇന്ത്യക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയയ്ക്ക് തെറ്റിയില്ല. അത്ര മികച്ച തുടക്കമാണ് ഓസീസ് ആദ്യ ദിനം നേടിയെടുത്തത്. രണ്ട് മാറ്റങ്ങളോടെ ഇറങ്ങിയ ഓസീസിന്റെ ഓപ്പണിങ്ങില്‍ സാം കോന്‍സ്റ്റാസ് എന്ന 19കാരനുണ്ടായിരുന്നു. താരത്തിന്റെ മുമ്പില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ നിസഹായരായി നിന്നുരുകുന്നത് കാണാനായി.
അനായാസ ഷോട്ടുകളുമായി ക്രീസില്‍ നിലയുറപ്പിച്ച താരം ശരിക്കും ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ഇതിനിടയില്‍ താരത്തെ സ്ലെഡ്ജ് ചെയ്യാനും താരങ്ങള്‍ മുതിര്‍ന്നു. വിരാട് കോഹ്‌ലിയാണ് ഇതിന് മുന്‍കൈ എടുത്ത് മുന്നോട്ടുവന്നത്. യുവതാരത്തെ തോളുകൊണ്ട് ഇടിച്ചാണ് കോഹ്‌ലി പ്രകോപിപ്പിച്ചത്. കോഹ്‌ലി മനപൂര്‍വ്വം ഇടിച്ചതെന്ന് വ്യക്തം.
കോന്‍സ്റ്റാസ് ഇത് ചോദ്യം ചെയ്യുകയും അംപയറോട് പരാതിപ്പെടുകയും ചെയ്തു. അംപയറും ഉസ്മാന്‍ ഖ്വാജയും ചേര്‍ന്നാണ് പ്രശ്നം പരിഹരിച്ചത്. പിന്നാലെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം സംഭവത്തില്‍ ഐസിസി മാച്ച് റഫറി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
യുവതാരം തല്ലിത്തകര്‍ത്തപ്പോള്‍ ഗംഭീര തുടക്കമാണ് ആതിഥേയര്‍ക്ക് ലഭിച്ചത്. 52 പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയ താരം 65 ബോളില്‍ 60 റണ്‍സെടുത്താണ് മടങ്ങിയത്. അരങ്ങേറ്റ മത്സരത്തില്‍നിന്ന് അര്‍ദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഓസീസ് താരമാണ് കോന്‍സ്റ്റാസ്.