ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യന്‍ ബാറ്റര്‍ കെ.എല്‍ രാഹുലിനെ ചൊറിഞ്ഞ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. മത്സരത്തില്‍ കഴിഞ്ഞ കളിയില്‍നിന്നും വ്യത്യസ്തമായി രാഹുല്‍ വണ്‍ഡൗണായാണ് കളിച്ചത്. രോഹിത് ശര്‍മ പുറത്തായതിനു പിന്നാലെയാണ് രാഹുല്‍ കളിക്കാനിറങ്ങിയത്.
”വണ്‍ഡൗണായി ഇറങ്ങാന്‍ നിങ്ങള്‍ എന്തു തെറ്റു ചെയ്തു?” എന്നായിരുന്നു ലയണ്‍ രാഹുലിനോട് ചോദിച്ചത്. രാഹുല്‍ ബാറ്റിംഗിന് ഇറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ചൊറിയന്‍ ചോദ്യവുമായി ലിയോണ്‍ രാഹുലിനെ സമീപിച്ചത്. എന്നാല്‍ ഓസീസ് സ്പിന്നറുടെ ചോദ്യത്തിനു മറുപടി നല്‍കാന്‍ ഇന്ത്യന്‍ താരം തയാറായില്ല.
പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മ ഇല്ലാത്തതിനാല്‍ രാഹുലാണ് യശ്വസി ജയ്‌സ്വാളിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ഈ കൂട്ടുകെട്ട ക്ലിക്കായതിനാല്‍ രണ്ടും മൂന്നും ടെസ്റ്റിലും ഈ റോള്‍ തന്നെയാണ് രാഹുലിന് നഷ്ടപ്പെട്ടത്. എന്നാല്‍ ആറാം നമ്പറില്‍ കളിച്ച രോഹിത് നാല് ഇന്നിംഗ്‌സിലും ഫ്‌ളോപ്പായി. ഇതോടെയാണ് താരം നാലാം ടെസ്റ്റില്‍ ഓപ്പണിംഗിലേക്ക് മടങ്ങിയപ്പോള്‍ രാഹുലിന് താഴേയ്ക്ക് ഇറങ്ങേണ്ടി വന്നത്.
മെല്‍ബണില്‍ ആദ്യ ഇന്നിംഗ്‌സില്‍ 42 പന്തുകള്‍ നേരിട്ട രാഹുല്‍ 24 റണ്‍സെടുത്താണു പുറത്തായത്. 15ാം ഓവറിലെ അവസാന പന്തില്‍ പാറ്റ് കമിന്‍സിനെ നേരിടാനുള്ള രാഹുലിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. പന്തു പ്രതിരോധിക്കാന്‍ രാഹുല്‍ ശ്രമിച്ചെങ്കിലും രാഹുലിന്റെ വിക്കറ്റ് തെറിച്ചു.