ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കാൻ പോകുന്ന ബോർഡർ ഗവാസ്കർ ട്രോഫി നാളെ പെർത്തിൽ ആരംഭിക്കുകയായി. കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫി ചാമ്പ്യന്മാരായത് ഇന്ത്യയായിരുന്നു. എന്നാൽ ഇത്തവണ ഓസ്‌ട്രേലിയ രണ്ടും കല്പിച്ചുള്ള വരവാണ്. ഇംഗ്ലണ്ടിനേക്കാൾ അവരുടെ ഏറ്റവും വലിയ എതിരാളികൾ ഇപ്പോൾ ഇന്ത്യയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള ഫൈനൽ ടിക്കറ്റ് സ്വന്തമാക്കണമെങ്കിൽ ഇരു ടീമുകൾക്കും ഈ പരമ്പര വിജയിക്കണം.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. “റിഷഭ് ടീമിലുണ്ടെങ്കിൽ എല്ലാവരെയും അയാൾ ചിരിപ്പിച്ചുകൊണ്ടേയിരിക്കും. വളരെ മികച്ച താരങ്ങളിൽ ഒരാളാണ് റിഷഭ്”. 7 ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിലാണ് രവീന്ദ്ര ജഡേജ താരത്തെ കുറിച്ച് സംസാരിച്ചത്.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ രവീന്ദ്ര ജഡേജയ്ക്കും റിഷഭ് പന്തിനും നിർണായകമായ ഒരു ഉത്തരവാദിത്തമാണ് മുൻപിൽ ഉള്ളത്. ഓസ്‌ട്രേലിയ ഏറ്റവും കൂടുതൽ ഭയക്കുന്ന ഇന്ത്യൻ താരങ്ങളാണ് ഇവർ. അത് കൊണ്ട് തന്നെ ഇവരുടെ പ്രകടനം ഇന്ത്യക്ക് പ്രധാനമാണ്.
അടുത്ത വർഷം നടക്കാൻ പോകുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യക്ക് പ്രവേശിക്കണമെങ്കിൽ മറ്റു ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ഈ പരമ്പരയിലെ നാല് മത്സരങ്ങളും ഇന്ത്യ വിജയിക്കണം. കഴിഞ്ഞ ടെസ്റ്റ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഓസ്‌ട്രേലിയ തന്നെയായിരുന്നു കപ്പ് ജേതാക്കളായത്. നിലവിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും ഓസ്‌ട്രേലിയ തന്നെയാണ്.