ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത് ശര്‍മ്മയുടെ മോശം ഫോമിനെക്കുറിച്ച് നിരീക്ഷണവുമായി ഇന്ത്യന്‍ വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര് പൂജാര. താരത്തിന്റെ അഭിപ്രായത്തില്‍, ഓപ്പണിംഗില്‍നിന്ന് മധ്യനിരയിലേക്ക് ഇറങ്ങിയ നീക്കം രോഹിത്തിന്റെ കുതിപ്പിനെ തടസ്സപ്പെടുത്തുക മാത്രമല്ല, അദ്ദേഹത്തിന്റെ ബാറ്റിംഗ് സമീപനത്തില്‍ സംശയം സൃഷ്ടിക്കുകയും ചെയ്തു. അതിനാല്‍ തന്റെ സ്ഥിരം ബാറ്റിംഗ് പൊസിഷനാണ് ഓപ്പണിംഗിലേക്ക് രോഹിത് തിരിച്ചെത്തണമെന്നാണ് പൂജാര പറയുന്നത്.
സാധാരണയായി വിശ്വസനീയമായ ഓപ്പണിംഗ് ബാറ്ററായ രോഹിത് ഈ പരമ്പരയില്‍ തന്റെ താളം കണ്ടെത്താന്‍ പാടുപെടുകയാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റ് വ്യക്തിപരമായ കാരണങ്ങളാല്‍ നഷ്ടമായതിനെ തുടര്‍ന്നാണ് തിരിച്ചുവരവില്‍ രോഹിത്തിന് ബാറ്റിംഗ് ഓര്‍ഡറില്‍ ആറാം നമ്പറിലേക്ക് മാറേണ്ട സാഹചര്യം ഉണ്ടായത്. രണ്ടാം ടെസ്റ്റില്‍ രോഹിത് ഇലവനില്‍ തിരിച്ചെത്തിയപ്പോഴും രോഹിതിന്റെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ കെ എല്‍ രാഹുല്‍ മികച്ച പ്രകടനം പുറത്തെടുത്തു. എന്നിരുന്നാലും, ഈ ക്രമീകരണം രോഹിത്തിന് നിരാശാജനകമായ ഫലങ്ങളാണ് സമ്മാനിച്ചത്.
ബ്രിസ്ബേനില്‍ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റില്‍, ആദ്യ ഇന്നിംഗ്സില്‍ രോഹിതിന് 27 പന്തില്‍ 10 റണ്‍സ് മാത്രമേ നേടാനായുള്ളൂ. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതുവരെയുള്ള പരമ്പരയിലെ രോഹിതിന്റെ തിരിച്ചുവരവ് ആശങ്കാജനകമാണ്. പെര്‍ത്ത് ടെസ്റ്റ് നഷ്ടമായതിന് ശേഷം, അഡ്ലെയ്ഡ് ടെസ്റ്റിലെ വെറും ഒമ്പത് റണ്‍സ് ഉള്‍പ്പെടെ മൂന്ന് ഇന്നിംഗ്സുകളില്‍ നിന്നായി 19 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.
Read more
ന്യൂസിലന്‍ഡിനെതിരായ സമീപകാല ഹോം പരമ്പരയിലും അദ്ദേഹത്തിന്റെ മോശം ഫോം ദൃശ്യമായിരുന്നു. അവിടെ വലംകൈയ്യന്‍ ബാറ്ററിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് 91 റണ്‍സ് മാത്രമേ നേടാനായുള്ളൂ.