മെല്‍ബണിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എംസിജി) നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിലെ വിജയത്തിന് ശേഷം ഓസ്ട്രേലിയ നിലവില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 2-1ന് മുന്നിലാണ്. ഓസ്ട്രേലിയന്‍ ടീമിന്റെ ആധിപത്യത്തിന് കീഴില്‍ സന്ദര്‍ശകരായ ഇന്ത്യന്‍ ടീമിന് ആഹ്ലാദിക്കാന്‍ വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യന്‍ ടീമില്‍ പ്രതിഭയോട് കൂറുപുലര്‍ത്തുന്ന പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഏക താരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റ് നേടിയ അദ്ദേഹം നിലവില്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ്. ഇപ്പോഴിതാ, താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇതിഹാസ ഓസ്ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്.
നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ബുംറയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. പരമ്പരയില്‍ താന്‍ ഇതുവരെ നല്‍കിയ മാന്ത്രിക ബോളിംഗ് സ്പെല്ലുകള്‍ ബുംറ അവതരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ പരമ്പര ഓസ്ട്രേലിയയ്ക്ക് കൂടുതല്‍ അനുകൂലമാകുമായിരുന്നുവെന്ന് മഗ്രാത്ത് പറഞ്ഞു.
അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ വലിയൊരു ഭാഗമാണ്. ഇന്ത്യന്‍ ടീമില്‍ അദ്ദേഹമില്ലാതെ വന്നിരുന്നെങ്കില്‍ പരമ്പര ഏകപക്ഷീയമാകുമായിരുന്നു. അവന്‍ സവിശേഷമായ ജോലിയാണ് ചെയ്യുന്നത്. പൊരുത്തപ്പെടാന്‍ ഒരു വഴി കണ്ടെത്തിയ അതിഭയങ്കരനായ ചെറുപ്പക്കാരന്‍. അവസാനത്തെ ഏതാനും ചുവടുകള്‍ അവന്‍ എങ്ങനെ ബൗളിലേക്ക് കൊണ്ടുവരുന്നു എന്നത് തികച്ചും അവിശ്വസനീയമാണ്. ഞാന്‍ അവന്റെ വലിയ ആരാധകനാണ്- മഗ്രാത്ത് പറഞ്ഞു.