ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ടീമില്‍ രണ്ട് മാറ്റങ്ങളാണ് ആതിഥേയര്‍ വരുത്തിയത്. ആദ്യ മൂന്ന് ടെസ്റ്റുകളിലും ഓപ്പണറായി ഇറങ്ങിയ നഥാന്‍ മക്സ്വീനി ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലില്ല.
യുവതാരം മക്സ്വീനിയെ പുറത്താക്കിയതിന് പിന്നാലെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സെലക്ഷന്‍ കമ്മിറ്റിക്ക് നേരെ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് രംഗത്തുവന്നു. മക്സ്വീനിയെ പുറത്താക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഇത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തിയാണെന്നും ക്ലാര്‍ക്ക് തുറന്നടിച്ചു.
മക്സ്വീനിയെ പുറത്താക്കിയ നടപടി അംഗീകരിക്കാനാവില്ല. ഫോമിലല്ലാത്ത ഉസ്മാന്‍ ഖവാജയ്ക്ക് പകരമായിരുന്നു യുവതാരം സാം കോണ്‍സ്റ്റാസിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. സെലക്ഷന്‍ കമ്മിറ്റിയുടെ ദീര്‍ഘവീക്ഷണം ഇല്ലായ്മയാണിത്- ക്ലാര്‍ക്ക് പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ പരിണിച്ചാണ് താരങ്ങളെ തെരഞ്ഞെടുത്തത് എന്ന് വിമര്‍ശനത്തോട് പ്രതികരിച്ച് മുഖ്യ സെലക്ടര്‍ ജോര്‍ജ് ബെയ്ലി മറുപടി പറഞ്ഞു.
ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, സ്‌കോട് ബോളാണ്ട്, അലക്സ് ക്യാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ജേ റിച്ചാര്‍ഡ്സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.