ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ യശ്വിസി ജയസ്വാളിന് ഫോമിലേക്ക് തിരിച്ചെത്താന്‍ വഴി ഉപദേശിച്ച് സീനിയര്‍ താരം ചേതേശ്വര്‍ പുജാര. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ക്ഷമ കാട്ടാനാണ് ജയ്സ്വാളിനോട്് പുജാര ഉപദേശിച്ചിരിക്കുന്നത്. ടെസ്റ്റില്‍ ഷോട്ട് തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കണമെന്ന് പറയുന്ന പുജാര നിലയുറപ്പിച്ച ശേഷം ആക്രമണത്തിലേക്ക് കടക്കണമെന്ന് ഉപദേശിച്ചു.
അവന്‍ ക്രീസില്‍ അല്‍പ്പം കൂടി സമയം നില്‍ക്കാന്‍ ശ്രമിക്കണം. തുടക്കത്തിലേ തന്നെ നിരവധി ഷോട്ടുകള്‍ കളിക്കാനാണ് ജയ്സ്വാള്‍ ശ്രമിക്കുന്നത്. നിലയുറപ്പിച്ച ശേഷമാണ് അവന്‍ ഇത്തരം ഷോട്ടുകള്‍ കളിക്കേണ്ടത്. പ്രത്യേകിച്ച് ആദ്യത്തെ 10 ഓവറുകളില്‍ അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കണം. ടെസ്റ്റില്‍ ബാറ്റര്‍ നല്ല പന്തിനായി കാത്തിരിക്കരുത്. പന്തുകള്‍ക്ക് അനുയോജ്യമായ ഷോട്ടുകള്‍ കളിക്കുകയാണ് വേണ്ടത്.
സെവാഗിനെപ്പോലെ തന്നെ ആക്രമണോത്സകതയുള്ളവനാണ് ജയ്സ്വാള്‍. എന്നാല്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതിന് മുമ്പ് പന്തുകള്‍ നിന്റെ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തണം. ഇന്നത്തെ ആക്രമണകാരികളായ പല ഓപ്പണര്‍മാരും ഈ രീതിയാണ് പിന്തുടരാന്‍ ശ്രമിക്കുന്നത്.
Read more
എന്നാല്‍ ജയ്സ്വാള്‍ അല്‍പ്പം തിടുക്കം കാട്ടുകയാണ്. പിച്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഷോട്ടിനായി തയ്യാറെടുക്കുന്നു. അത് ശരിയായ രീതിയല്ല. ക്രീസില്‍ കുറച്ച് നേരം പിടിച്ചുനിന്ന് പിച്ചിനെക്കുറിച്ച് പഠിക്കുകയും പതിയെ താളം കണ്ടെത്തുകയും ചെയ്യുക. കെഎല്‍ രാഹുല്‍ കളിക്കുന്നത് നോക്കുക. ഓവര്‍ പിച്ച് പന്തുകളെ മനോഹരമായി അവന്‍ ഡ്രൈവ് ചെയ്യുന്നു. ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്- പുജാര കൂട്ടിച്ചേര്‍ത്തു.