BGT 2024-25: ഗാബയില്‍ ആര് വിജയിക്കും?, ധീരമായ പ്രവചനം നടത്തി റിക്കി പോണ്ടിംഗ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25ലെ ആവേശകരമായ രണ്ട് ഗെയിമുകള്‍ക്ക് ശേഷം, പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും പരസ്പരം കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുകയാണ്. മത്സരം ശനിയാഴ്ച (ഡിസംബര്‍ 14) ബ്രിസ്‌ബേനിലെ ഗാബയില്‍ ആരംഭിക്കും. ആദ്യ രണ്ട് ഗെയിമുകളില്‍ കാര്യങ്ങള്‍ നീങ്ങിയ രീതിയനുസരിച്ച് ഇത് ആവേശകരമായ ഒരു മത്സരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതിനിടെ മൂന്നാം ടെസ്റ്റ് സംബന്ധിച്ച് പ്രവചനങ്ങള്‍ നടത്തി രംഗത്തുവന്നിരിക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ബ്രിസ്ബേനിലെ ഗാബയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങള്‍ കടന്നുപോയത് പരിശോധിക്കുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് പറയാന്‍ ശരിക്കും ബുദ്ധിമുട്ടാണ്. എന്്‌നിരുന്നാലും ആദ്യ രണ്ട് ഗെയിമുകളേക്കാള്‍ അല്‍പ്പം കൂടുതല്‍ കടുത്ത മത്സരമായിരിക്കും ഇതെന്ന് എനിക്ക് തോന്നുന്നു. ഓസ്ട്രേലിയ വിജയിക്കുമെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നു.

സാധാരണയായി ബ്രിസ്ബേനില്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യും. ആദ്യ രണ്ട് ദിവസങ്ങളില്‍ നന്നായി ബാറ്റ് ചെയ്യാനാകും. പിന്നീട് കളിയില്‍ ബോളര്‍മാര്‍ക്ക് അല്‍പ്പം പിന്തുണ ലഭിക്കും. അവിടെ ടീമുകളുടെ കളികള്‍ പൊതുവെ അങ്ങനെയാണ്- പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.