ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങൾ വളരെ നിർണായകമായി തീർന്നിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. എന്നാൽ അതേ പ്രകടനം രണ്ടാം ടെസ്റ്റിൽ കാഴ്ച്ച വെക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. 10 വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ നേടിയത്.
ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റ് ഫ്ലോപ്പായതാണ് ടെസ്റ്റ് തോൽക്കാൻ കാരണമായത്. ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയിട്ടും രണ്ടാം ടെസ്റ്റിൽ ബാറ്റിംഗിൽ മോശമായ പ്രകടനം കാഴ്ച വെച്ച വിരാട് കൊഹ്‌ലിക്കാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത്. കൂടാതെ നാളുകൾ ഏറെയായി ബാറ്റിംഗിൽ ഫ്ലോപ്പാകുന്ന രോഹിത് ശർമയ്ക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്.
മുൻ ഓസ്‌ട്രേലിയൻ ഇതിഹാസമായ മാത്യു ഹെയ്ഡൻ ഇന്ത്യ വിജയിക്കുന്നതിനു വേണ്ടിയുള്ള നിർണായകമായ തന്ത്രം പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ്. ബാറ്റിംഗിലും ബോളിങ്ങിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
മാത്യു ഹെയ്ഡൻ പറയുന്നത് ഇങ്ങനെ:
” ഇന്ത്യ ബോൾ ചെയ്യുന്ന അവസരത്തിൽ നാലാമത്തെയും അഞ്ചാമത്തേയും സ്റ്റമ്പിന് ഉന്നം വെച്ച് ബൗൺസർ ബോളുകൾ എറിയാൻ ശ്രമിക്കണം. ആ ഒരു തന്ത്രം ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അപകട ഭീഷണി ഉയർത്തും. കൂടാതെ ഇന്ത്യ അടുത്ത ടെസ്റ്റിൽ ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ച വെക്കണം. ഒരു ദിവസം മുഴുവൻ അവർ ബാറ്റ് ചെയ്യണം. അതിനായി ഒരുപാട് സമയം അവർ കണ്ടെത്തുകയും ചെയ്യണം” മാത്യു ഹെയ്ഡൻ പറഞ്ഞു.