ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച ബോളറാണ് ജസ്പ്രീത് ബുംറ. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയൻ ടീം ഭയക്കുന്ന ഏക ഇന്ത്യൻ താരമാണ് അദ്ദേഹം. ബുംറ നായകനായ ആദ്യ ടെസ്റ്റിൽ തന്നെ ഇന്ത്യക്ക് 295 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കാൻ സാധിച്ചത്. എന്നാൽ രണ്ടാം ടെസ്റ്റിൽ നായക സ്ഥാനം ഏറ്റെടുത്ത് രോഹിത് ശർമ്മ വന്നതോട് കൂടി ടീം 10 വിക്കറ്റുകൾക്ക് തോൽവി ഏറ്റുവാങ്ങി.
ഇപ്പോൾ നടക്കുന്ന മൂന്നാം ടെസ്റ്റിൽ 6 ഓവർ എറിഞ്ഞ ബുംറ 8 റൺസ് വഴങ്ങി മൂന്നു മെയ്ഡൻ ഓവറുകളും സ്വന്തമാക്കി. എന്നാൽ ബുംറയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ പേസ് ബോളറായ ഷോയിബ് അക്തർ.
ഷോയിബ് അക്തർ പറയുന്നത് ഇങ്ങനെ:
“ടെസ്റ്റില്‍ നിങ്ങള്‍ക്കു ദൈര്‍ഘ്യമേറിയ സ്‌പെല്ലുകള്‍ ബൗള്‍ ചെയ്യേണ്ടതായി വരും. ബാറ്റര്‍മാര്‍ നിങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കില്ല, അതുകൊണ്ടുതന്നെ ലെങ്ത്തിനു വലിയ പ്രാധാന്യവുമില്ല. ബോള്‍ സീം ചെയ്തില്ലെങ്കില്‍ നിങ്ങള്‍ പതറുകയും ചെയ്യും. നിങ്ങള്‍ ഈ തരത്തില്‍ പതറുമ്പോള്‍ ടീം ചോദ്യം ചെയ്യാനും തുടങ്ങും. ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റുകളെടുക്കാന്‍ കഴിവുള്ള ഫാസ്റ്റ് ബൗളര്‍ തന്നെയാണ് ജസ്പ്രീത് ബുംറയെന്നാണ് ഞാന്‍ കരുതുന്നത്. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ബുംറയ്ക്കു കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല”
ഷോയിബ് അക്തർ തുടർന്നു:
“പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ബോളിംഗ് വേഗത വര്‍ധിപ്പിച്ചേ തീരൂ. എന്നാല്‍ ബൗളിങിന്റെ വേഗത വര്‍ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ അതു ബുംറയ്ക്കു പരിക്കേല്‍ക്കാനുള്ള സാധ്യതകളും ഇരട്ടിയാക്കും. ഞാന്‍ ബുംറയായിരുന്നെങ്കില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മാത്രമേ കളിക്കുകയുള്ളൂ, ബാക്കി ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചേനെ” ഷോയിബ് അക്തർ പറഞ്ഞു.