BGT 2024: ഒന്നാം ദിനം കളിച്ചത് മഴ; ഗാബ്ബയിൽ അശുഭമായ തുടക്കം; ഇന്ത്യക്ക് വിജയം അനിവാര്യം

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് പരമ്പരയുടെ ഒന്നാം ദിനം മഴ കാരണം നിർത്തലാക്കി. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയച്ചു. 13 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റുകൾ നഷ്ടമാകാതെ 28 റൺസ് എന്ന നിലയിലാണ് നിൽക്കുന്നത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ഉസ്മാൻ കാവാജ 47 പന്തുകളിൽ 19 റൺസുമായും, നഥാൻ മക്കസ്വീനി 33 പന്തുകളിൽ 4 റൺസുമായിട്ടാണ് നിൽക്കുന്നത്. സ്ഥിരതയാർന്ന പ്രകടനമാണ് ഇരു ബാറ്റ്‌സ്മാന്മാരും കാഴ്ച വെക്കുന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി പേസ് ബോളർ ജോഷ് ഹേസൽവുഡ് തിരികെ എത്തിയത് സന്തോഷകരമായ വാർത്തയാണ്. നിലവിൽ സ്കോട്ട് ബൊള്ളണ്ട് മാത്രമാണ് ടീമിൽ വന്ന മാറ്റം.

ഇന്ത്യക്ക് രണ്ട് മാറ്റങ്ങളാണ് ഇത്തവണ ഉള്ളത്. സ്പിന്നർ രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജ തിരികെ എത്തിയിട്ടുണ്ട്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും താരം പുറത്തിരിക്കുകയായിരുന്നു. കൂടാതെ ഹർഷിത്ത് റാണയ്ക്ക് പകരം പേസ് ബോളർ ആകാശ് ദീപിനും അവസരം ലഭിച്ചിട്ടുണ്ട്.

ഗബ്ബയിലെ പച്ചപ്പ് നിറഞ്ഞ പിച്ചിൽ ഓസ്‌ട്രേലിയൻ ഓപ്പണർമാരെ പുറത്താക്കാൻ ഇന്ത്യൻ ബോളേഴ്സിന് ഇത് വരെ സാധിച്ചിട്ടില്ല. രണ്ടാം ദിനം മികച്ച പ്രകടനം ബോളർമാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.