BGT 2024: മുഹമ്മദ് സിറാജിന് എട്ടിന്റെ പണി കൊടുക്കാൻ ഒരുങ്ങി ഐസിസി; ചെയ്ത പ്രവർത്തി മോശമായി പോയി എന്ന് ആരാധകർ; സംഭവം ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ നാടകീയമായ സംഭവ വികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയാകുന്നത്. രണ്ടാം ടെസ്റ്റിൽ ലബുഷെയ്ന് നേരെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് പന്തെറിഞ്ഞ സംഭവത്തിൽ ഐസിസി നിയമനടപടിക്ക് ഒരുങ്ങുകയായി. ഐസിസി നിയമ പ്രകാരം പ്രകോപനങ്ങളില്ലാതെ താരത്തിനെതിരെയോ അമ്പയറിനെതിരെയോ പന്തെറിഞ്ഞാൽ കുറ്റകരമാണ്.

ഒന്നുകിൽ ഒരു മത്സരത്തിൽ നിന്ന് വിലക്ക്, അല്ലെങ്കിൽ മാച്ച് ഫീയുടെ നിശ്ചിത ശതമാനം പിഴ. ഇവയിലേതെങ്കിലും ആയിരിക്കും സിറാജിന് ഐസിസി നൽകുന്ന ശിക്ഷ. ഐസിസിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗീകമായ പ്രഖ്യാപനം ഇത് വരെ ഉണ്ടായിട്ടില്ല. പക്ഷെ താരത്തിന്റെ ഈ പ്രവർത്തി അവരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കൂടാതെ പല മുൻ ക്രിക്കറ്റ് താരങ്ങളും ഇതിനെതിരെ രംഗത്തും എത്തിയിട്ടുണ്ട്.

പത്താം ഓവർ എറിഞ്ഞ സിറാജ് ഇന്നിംഗ്‌സിലെ തന്റെ ആദ്യ വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കുക ആയിരുന്നു. ഓവറിലെ അവസാന പന്ത് എറിയാൻ സിറാജ് റൺ അപ്പ് പൂർത്തിയാക്കി ക്രീസിലേക്ക് എത്തിയപ്പോൾ ലബുഷാഗ്‌നെ ക്രീസിൽ നിന്ന് പിന്മാറി. എന്നിരുന്നാലും അതൃപ്തനായ സിറാജ് ഓസീസ് ബാറ്റർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞു. ഇത് ഇരു കളിക്കാരും തമ്മിൽ ചെറിയ വാക്കേറ്റത്തിലേക്ക് നയിക്കുകയും ചെയ്തു.

അതേസമയം ഗാലറിയിൽ നിന്ന ആരാധകരിൽ ഒരാൾ ഉണ്ടാക്കിയ ബുദ്ധിമുട്ട് കാരണമാണ് ലബുഷാഗ്‌നെ പിന്മാറിയത്. ഇത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. നിർഭാഗ്യവശാൽ, സിറാജിനെ സംബന്ധിച്ചിടത്തോളം, വഴക്കിന് ശേഷമുള്ള അടുത്ത ഡെലിവറി ലാബുഷാഗ്ന ബൗണ്ടറി അടിച്ചതോടെ സിറാജിന് ദേഷ്യം കൂടി.

Read more