നാളുകൾ ഏറെയായി ഇന്ത്യൻ ടീമിൽ മോശമായ ഫോമിൽ തുടരുന്ന താരമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരം പിന്നീട് കളിച്ച ഒരു മത്സരത്തിൽ പോലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടില്ല. കഴിഞ്ഞ ന്യുസിലാൻഡ് പര്യടനത്തിലും ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലും ടീമിനായി മികച്ച റൺസ് സ്കോർ ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെടുകയാണ്.
ഗാബ്ബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി നിർണായകമായ പ്രകടനം നടത്തേണ്ടി ഇരുന്ന താരം വെറും 27 പന്തിൽ 10 റൺസ് നേടി മടങ്ങി. ബാറ്റിംഗിൽ മാത്രമല്ല ക്യാപ്റ്റൻസിയിലും രോഹിത് വളരെ മോശമാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ബാറ്റിംഗിൽ രോഹിതിന്റെ പ്രധാന പ്രശ്നം എന്താണെന്ന് തുറന്ന് പറഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ പാർഥിവ് പട്ടേൽ.
പാർഥിവ് പട്ടേൽ പറയുന്നത് ഇങ്ങനെ:
“രോഹിത്തിന്റെ ഫൂട്ട് വർക്കിൽ എന്തോ കുഴപ്പം ഉണ്ട്. അദ്ദേഹം കാൽ മുന്നോട്ട് വെച്ച് കളിക്കുന്നില്ല. അവൻ അകലെ നിന്ന് കളിക്കുന്നു, അതുകൊണ്ടാണ് എഡ്ജ് പോകുന്നതും അല്ലെങ്കിൽ സ്റ്റംപ്സ് തെറിക്കുന്നതും. ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരനെന്ന നിലയിലും രോഹിത് ശർമ്മ മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങൾ അത് ഇപ്പോൾ കാണുന്നില്ല പാർഥിവ് പട്ടേൽ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇപ്പോൾ നടക്കുന്ന മത്സരം സമനിലയിൽ കലാശിച്ചാലും കുഴപ്പമില്ല. പക്ഷെ ഇനിയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്, ഇന്ത്യക്ക് വിജയം നിർണായകമായിരിക്കും.