BGT 2024: കങ്കാരുക്കളെ ഞെട്ടിച്ച് ഇന്ത്യൻ തിരിച്ച് വരവ്, താരമായി നിതീഷ് കുമാറും വാഷിംഗ്‌ടൺ സുന്ദറും; ഞെട്ടലിൽ ഓസ്‌ട്രേലിയൻ ക്യാമ്പ്

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയുടെ പദ്ധതികളെ എല്ലാം തകിടം മറിച്ച് മത്സരത്തിലേക്ക് രാജകീയമായി തിരിച്ച് വന്നിരിക്കുകയാണ് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ നേടിയ 474 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യക്ക് കാര്യങ്ങൾ വിചാരിച്ച പോലെ നീങ്ങിയിരുന്നില്ല. ഒരു ഘട്ടത്തിൽ ഇന്ത്യ 191/ 6 എന്ന നിലയിൽ നിന്നപ്പോൾ നാലാം ടെസ്റ്റും തോൽവി ഏറ്റുവാങ്ങി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്താകേണ്ടി വരുമെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത്.

എന്നാൽ ഇന്ത്യയുടെ രക്ഷകരായി ഓൾ റൗണ്ടറുമാരായ നിതീഷ് കുമാർ റെഡ്‌ഡിയും, വാഷിംഗ്‌ടൺ സുന്ദറും സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ച് 358 റൺസിൽ എത്തിച്ചു. അതിലൂടെ നിതീഷ് തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും കരസ്ഥമാക്കി. 176 പന്തുകളിൽ 10 ഫോറും, 1 സിക്സുമടക്കം 105 റൺസ് ആണ് നിതീഷിന്റെ ബാറ്റിൽ നിന്ന് പിറന്നത്. വാഷിംഗ്‌ടൺ സുന്ദർ 162 പന്തിൽ നിന്ന് 1 ഫോർ അടിച്ച് 50 റൺസ് അദ്ദേഹം നേടി.

മൂന്നാം ദിനമായ ഇന്ന് 164 /5 എന്ന നിലയിലാണ് ഇന്ത്യ തുടങ്ങിയത്. റിഷഭ് പന്തും ജഡേജയും നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെടുകയായിരുന്നു. റിഷഭ് പന്ത് 37 പന്തുകളിൽ നിന്ന് 28 റൺസും, രവീന്ദ്ര ജഡേജ 51 പന്തുകളിൽ 17 റൺസുമാണ് നേടിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, സ്കോട്ട് ബൊള്ളണ്ട് എന്നിവർ മൂന്നു വിക്കറ്റുകളും, നാഥൻ ലിയോൺ രണ്ട് വിക്കറ്റുകളും നേടി.

Read more

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരവും, സിഡ്‌നിയിൽ നടക്കുന്ന അവസാനത്തെ ടെസ്റ്റ് മത്സരവും ഇന്ത്യക്ക് വിജയം അനിവാര്യമാണ്.