BGT 2025: ബുംറയുടെ അഭാവം ഇന്ത്യക്ക് കിട്ടിയത് എട്ടിന്റെ പണിയായി; സിഡ്‌നിയിൽ ഓസ്‌ട്രേലിയയുടെ സംഹാരതാണ്ഡവം

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിൽ തോൽവിയുടെ വക്കിൽ നിൽക്കുകയാണ് ഇന്ത്യ. ഇന്നലെ 141 / 6 എന്ന നിലയിൽ നിന്ന ഇന്ത്യ മൂന്നാം ദിനം നിലയുറപ്പിക്കാൻ സാധിക്കാതെ 157 റൺസിന്‌ ഓൾ ഔട്ട് ആയി. വാഷിംഗ്‌ടൺ സുന്ദറിനും, രവീന്ദ്ര ജഡേജയ്ക്കും മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ സാധിച്ചില്ല.

ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ പരിക്ക് പറ്റി പുറത്തിരിക്കുകയാണ്. അത് ഇന്ത്യക്ക് കിട്ടിയ വലിയ തിരിച്ചടിയാണ്. ഓസ്‌ട്രേലിയ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്ന താരം അവസാന ടെസ്റ്റ് മത്സരത്തിൽ നിന്നും പുറത്തായത് അവരുടെ വിജയ സാധ്യത വർധിപ്പിച്ചു. പുറം വേദനയെ തുടർന്നാണ് ബുംറ പുറത്തിരിക്കുന്നത്.

പരമ്പരയിൽ ഉടനീളം മോശമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ ബാറ്റിംഗ് നിര കാഴ്ച വെച്ചത്. തോൽവിയുടെ പ്രധാന കാരണവും ഇതാണ്. ഈ ടീം വെച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിയ്ക്കാൻ ഇന്ത്യക്ക് യോഗ്യത ഇല്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ഈ പരമ്പരയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കുന്ന താരങ്ങളാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും. മോശം ഫോമിൽ ആയത് കൊണ്ട് തന്നെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് സ്വയം മാറി നിന്നിരുന്നു രോഹിത് ശർമ്മ.

എന്നാൽ ആദ്യ ടെസ്റ്റ് മത്സരത്തിലെ തകർപ്പൻ സെഞ്ചുറിക്ക് ശേഷം തുടർന്നുള്ള മത്സരങ്ങളിലും ആ മികവ് കാട്ടാൻ വിരാട് കോഹ്‌ലിക്ക് സാധിച്ചില്ല. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ 24 ആം സ്ഥാനത്തേക്കാണ് താരം പിന്തള്ളപ്പെട്ടത്. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ വൻ അഴിച്ച് പണിക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

നിലവിൽ മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. 116 /4 എന്ന നിലയിൽ നിൽക്കുന്ന ഓസ്‌ട്രേലിയക്ക് വിജയിക്കാൻ ഇനി 46 റൺസ് മാത്രമാണ് വേണ്ടത്. ഈ മത്സരവും ഓസ്‌ട്രേലിയ വിജയിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സൗത്ത് ആഫ്രിക്കയെ നേരിടും.