ഇപ്പോൾ നടക്കുന്ന ബോർസാർ ഗവാസ്കർ ട്രോഫിയിൽ വീണ്ടും നിരാശപ്പെടുത്തി ഓപണർ കെ എൽ രാഹുൽ. 14 പന്തിൽ വെറും 4 റൺസ് നേടാനേ താരത്തിന് സാധിച്ചുള്ളൂ. ഇന്ത്യൻ ടീമിൽ രോഹിതിനെ പോലെ ബാറ്റിംഗിൽ വീണ്ടും രാഹുൽ നിറം മങ്ങുകയാണോ എന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
നാലാം ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ രാഹുലിന് സാധിച്ചില്ല. ആദ്യ ഇന്നിങ്സിൽ 24 റൺസിനും, രണ്ടാമത്തെ ഇന്നിങ്സിൽ പൂജ്യത്തിനുമാണ് താരം പുറത്തായത്. ആദ്യ ടെസ്റ്റിലും രണ്ടാമത്തെ ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്ത രാഹുൽ ഗംഭീരമായ തിരിച്ച് വരവാണ് നടത്തിയത്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാനുള്ള നിർണായകമായ മത്സരത്തിൽ ആ മികവ് കാട്ടാൻ താരത്തിന് സാധിക്കാതെ പോയി.
നിലവിൽ അവസാന മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. 95 റൺസിന് 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ നിൽക്കുന്നത്. 25 റൺസുമായി റിഷഭ് പന്തും 6 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ നിൽക്കുന്നത്. ഈ മത്സരവും തോറ്റാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്താകും.