BGT 2025: ആദ്യം രാഹുലിനെ ടീമിൽ നിന്ന് പുറത്താക്കണം, അവശ്യ സമയത്ത് ഒരു ഉപകാരവും ഉണ്ടാവില്ല; താരത്തിനെതിരെ വൻ ആരാധകരോക്ഷം

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ വീണ്ടും മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച് ഓപണർ കെ എൽ രാഹുൽ. നിർണായകമായ മത്സരത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കാൻ ശ്രമിച്ച താരത്തിനെ ഇത്തവണ കുരുക്കിയത് സ്കോട്ട് ബൊള്ളണ്ട് ആണ്.

രണ്ടാം ഇന്നിങ്സിൽ 20 പന്തിൽ 13 റൺസ് നേടിയാണ് താരം മടങ്ങിയത്. ആദ്യ ഇന്നിങ്സിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ സാം കോൺസ്റ്റസിന് ക്യാച് കൊടുത്ത് വെറും നാല് റൺസ് നേടാനേ താരത്തിന് സാധിച്ചുള്ളൂ. നിലവിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് സൈഡ് വളരെ മോശമായ പ്രകടനമായിരുന്നു ഈ പരമ്പരയിൽ ഉടനീളം കാഴ്ച വെച്ചത്.

നാലാം ടെസ്റ്റിലും അഞ്ചാം ടെസ്റ്റിലും ഫ്ലോപ്പായ രാഹുൽ വീണ്ടും ഫോം ഔട്ട് ആണെന്നും, അദ്ദേഹത്തിന് പകരം മറ്റൊരു താരത്തെ പകരക്കാരനായി കൊണ്ട് വരണമെന്നും പറഞ്ഞ് കൊണ്ട് വൻ ആരാധക രോക്ഷമാണ് ഉയർന്നു വരുന്നത്.

നിലവിൽ മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. തകർപ്പൻ ബോളിംഗ് പ്രകടനത്തിലൂടെ സ്കോട്ട് ബൊള്ളണ്ട് ഇന്ത്യയുടെ പ്രധാന നാല് വിക്കറ്റുകളും സ്വന്തമാക്കി. നിലവിൽ 138 /6 വിക്കറ്റുകൾ നഷ്ടത്തിലാണ് ഇന്ത്യ നിൽക്കുന്നത്. അവസാന ടെസ്റ്റ് മത്സരവും ഓസ്‌ട്രേലിയ വിജയിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കങ്കാരു പട കടക്കും.