ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 185 റൺസിന് ഓൾ ഔട്ട് ആയിരുന്നു. മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയക്ക് 181 റൺസ് നേടാൻ സാധിച്ചുള്ളൂ.
എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര വീണ്ടും മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്ത്യക്കായി യശസ്‌വി ജയ്‌സ്വാൾ 35 പന്തിൽ 22 റൺസ് നേടി ബോളണ്ടിന്റെ ഇരയായി പുറത്തായി. കെ എൽ രാഹുൽ 20 പന്തിൽ 13 റൺസ് നേടി അദ്ദേഹവും മടങ്ങി. നാളുകൾ ഏറെയായി മോശമായ പ്രകടനം കാഴ്ച വെക്കുന്ന വിരാട് കോഹ്ലി വീണ്ടും നിരാശ സമ്മാനിച്ചു. 12 പന്തിൽ വെറും 6 റൺസ് ആയിരുന്നു താരത്തിന്റെ സംഭാവന. ശുഭ്മാൻ ഗിൽ 13 റൺസ് നിതീഷ് കുമാർ 4 റൺസ് രവീന്ദ്ര ജഡേജ 13 റൺസ്, വാഷിംഗ്‌ടൺ സുന്ദർ 12 റൺസ്, മുഹമ്മദ് സിറാജ് 4 റൺസ്, പ്രസിദ്ധ കൃഷ്ണ 1 റൺ, ജസ്പ്രീത് ബുംറ പൂജ്യം എന്നതാണ് ഇന്ത്യൻ ബാറ്റർമാരുടെ സംഭാവന. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റുകളും, മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
ഓസ്‌ട്രേലിയക്ക് വേണ്ടി സ്കോട്ട് ബൊള്ളണ്ട് 6 വിക്കറ്റുകൾ നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. കൂടാതെ പാറ്റ് കമ്മിൻസ് 3 വിക്കറ്റുകളും, ബ്യൂ വെബ്സ്റ്റർ 1 വിക്കറ്റും നേടി. അവസാന ഇന്നിങ്സിൽ തുടക്കം മുതൽ ഓസ്‌ട്രേലിയ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. സാം കോൺസ്റ്റാസ് 22 റൺസ്, ഉസ്മാൻ ഖവാജ 41 റൺസ്, മാർനസ് ലാബുഷാഗ്നെ 6 റൺസ്, സ്റ്റീവ് സ്മിത്ത് 4 റൺസ്, ട്രാവിസ് ഹെഡ് 34* റൺസ്, ബ്യൂ വെബ്സ്റ്റർ 39* റൺസ് എന്നതാണ് ഓസ്‌ട്രേലിയൻ ബാറ്റേഴ്‌സ് നേടിയ സ്‌കോറുകൾ.