ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിച്ച വാര്‍ത്തയായിരുന്നു ഭനുക രജപക്സയുടെ അപ്രതീക്ഷിത വിരമിക്കല്‍. കരിയറില്‍ നല്ല ഫോമില്‍ നില്‍ക്കുന്ന സമയത്ത് അന്തരാഷ്ട ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന്റെ കാരണം ഇപ്പോഴിതാ വെളിപ്പെടുത്തിയിരിക്കുകയാണ് ഭനുക രജപക്സ. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമായ രജപക്സ കൊല്‍ക്കത്തയ്‌ക്കെതിരായ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
‘ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എനിക്ക് ഫിറ്റ്‌നസ് ഇല്ലെന്ന് ബോര്‍ഡ് പറഞ്ഞു. പക്ഷേ എനിക്ക് അങ്ങനെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. വേഗത്തില്‍ ഓടാന്‍ എനിക്ക് സാധിച്ചിരുന്നു. അവസാന തീരുമാനം എടുക്കേണ്ടത് ബോര്‍ഡ് ആയതുകൊണ്ട് ഞാന്‍ അത് അനുസരിക്കുകയിരുന്നു.’ വിരമിക്കല്‍ നേരത്തെ ആയി പോയില്ലേ എന്ന ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞു
ഇന്നലെ കൊല്‍ക്കത്തയുമായി നടന്ന മത്സരത്തില്‍ പഞ്ചാബ് താരങ്ങളെല്ലാം വളരെ വേഗം കൂടാരം കയറിയപ്പോള്‍ പിടിച്ച് നിന്ന് രജപക്സ 9 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയാണ് മടങ്ങിയത്. മൂന്ന് വീതം സിക്‌സും ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്‍രെ പ്രകടനം.
കരിയറിന്റെ തുടക്കം മുതല്‍ കൂട്ടുകാര്‍ക്കും സഹതാരങ്ങള്‍ക്കുമിടയില്‍ ഭാനു എന്ന് അറിയപ്പെട്ടിരുന്ന താരം വമ്പനടികള്‍ക്ക് പ്രശസ്തനാണ്. എന്നാല്‍ അച്ചടക്കലംഘനവും, സ്ഥിരത കുറവും താരത്തിന് പലപ്പോഴും വില്ലനായി. ഇന്നലെ നടത്തിയ മികച്ച പ്രകടനം തുടരാനായാല്‍ വിരമിക്കാന്‍ പറഞ്ഞ ബോര്‍ഡ് തന്നെ താരത്തെ തിരികെ വിളിക്കാനും സാധ്യതയുണ്ട്.