യു.എ.ഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐ.പി.എല്ലിന്റെ 13ാം സീസണില്‍ നിന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഭുവനേശ്വര്‍ കുമാറും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയും പുറത്ത്. പരിക്ക് മൂലമാണ് ഇരുവര്‍ക്കും ഐ.പി.എല്‍ സീസണ്‍ നഷ്ടമായിരിക്കുന്നത്. ഇരുവരും തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്ന് ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
ഇടുപ്പിനേറ്റ പരുക്കാണ് ഭുവനേശ്വര്‍ കുമാറിന് തിരിച്ചടിയായത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വെള്ളിയാഴ്ച ദുബായില്‍ നടന്ന മത്സരത്തിനിടെയാണ് ഭുവനേശ്വര്‍ കുമാറിന് പരുക്കേറ്റത്. മത്സരത്തില്‍ തന്റെ അവസാന ഓവര്‍ എറിയുന്നതിനിടെയായിരുന്നു സംഭവം. മൂന്നു തവണ ബോള്‍ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ താരം ഗ്രൗണ്ട് വിട്ടിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കൈവിരലിന് പൊട്ടല്‍ സംഭവിച്ചതാണ് മിശ്രയ്ക്ക് തിരിച്ചടിയായത്. സ്വന്തം ബോളിംഗില്‍ ഒരു ക്യാച്ചിനുള്ള ശ്രമമാണ് പരിക്കില്‍ കലാശിച്ചത്. കടുത്ത വേദന പ്രകടിപ്പിച്ച മിശ്ര ഈ ഓവര് പൂര്‍ത്തിയാക്കിയ ശേഷമാണ് മടങ്ങിയത്.
നാലു മത്സരങ്ങളില്‍നിന്ന് മൂന്നു വിക്കറ്റാണ് ഭുവനേശ്വര്‍ കുമാറിന്റെ സമ്പാദ്യം. 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. മൂന്നു മത്സരങ്ങള്‍ കളിച്ച മിശ്രയും മൂന്നു വിക്കറ്റാണ് നേടിയത്. 35 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.