അവസാന ബോളില്‍ സ്റ്റംപിങ്ങിന് മറന്നു; കൈവിട്ട കളി തിരിച്ചെടുത്ത് റെനെഗേഡ്‌സ്: അമ്പരപ്പിച്ച് വീണ്ടും ബിഗ്ബാഷ് ലീഗ്

അന്താരാഷ്ട്ര ക്രിക്കറ്റും പുരുഷ ബിഗ്ബാഷ് ലീഗും “മാത്രമാണ്” ക്രിക്കറ്റെന്ന് പറയുന്നവര്‍ക്ക് തെറ്റി. ആരാധകരെ കൊണ്ട് നഖം കടിപ്പിക്കുന്ന പ്രകടനവുമായി വനിതാ ബിഗ് ബാഷ് ലീഗ്. ഈ മത്സരം കാണാത്തവര്‍ക്ക് 2018ലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് സംഭവിച്ചു കഴിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ മെല്‍ബണ്‍ റെനെഗേഡ്‌സും തമ്മിലുള്ള മത്സരത്തെ ആരാധകര്‍ വിയിരുത്തുന്നത്.

ഗീലോങ്‌സ് കര്‍ദീനിയ പാര്‍ക്കില്‍ നടന്ന വനിതാ ബിഗ്ബാഷ് ലീഗാണ് ആരാധകരെ ആവേശക്കൊടുമുടിയാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റെനെഗേഡ്‌സ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിന് 120 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിക്‌സേഴ്‌സിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഏഴ് റണ്‍സ്. ഓസ്‌ട്രേലിയന്‍ താരം സാറാ എലിയും ദക്ഷിണാഫ്രിക്കന്‍ താരം മരിസാനെ കാപ്പുമായിരുന്നു ക്രീസില്‍. സ്‌ട്രൈക്കെടുത്ത എലി ആദ്യ അഞ്ച് ബോളില്‍ നാല് റണ്‍സെടുത്തു. നിര്‍ണായകമായ അവസാന ബോളില്‍ സിക്‌സേഴ്‌സിന് ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സായി. അവസാന ബോള്‍ ഫൈന്‍ ലെഗിലേക്ക് തട്ടിവിട്ട എലി റണ്‍സെടുക്കാന്‍ ഓടി. രണ്ടാം റണ്ണിന് അവസരം നല്‍കാതെ ഫീല്‍ഡര്‍ പന്ത് റെനെഗേഡ്‌സ് കീപ്പറിന്റെ കൈകളിലെത്തിച്ചു. പിന്നെയാണ്, നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കൈകളിലെത്തിയ ബോള്‍ സ്റ്റംപിങ്ങിന് മുതിരാതെ ആകാശത്തേക്കെറിഞ്ഞ ജയമാഹ്ലാദിച്ച വിക്കറ്റ് കീപ്പറെയും ടീമിനെയും അമ്പരപ്പിച്ച് സിക്‌സേഴ്‌സ് താരം എലി രണ്ടാം റണ്‍സും ഓടിയെടുത്തു. ഇതോടെ മത്സരം സമനിലാവുകയും സൂപ്പര്‍ ഓവറിലേക്ക് നയിക്കുകയും ചെയ്തു.

സൂപ്പര്‍ ഓവറില്‍ റെനെഗേഡ്‌സ് ജയിച്ചെങ്കിലും മത്സരത്തിന്റെ ആവേശം ആരാധകര്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല. ക്രിക്കറ്റ് നിയമനുസരിച്ച് വിക്കറ്റ് കീപ്പറുടെ കയ്യില്‍ ബോള്‍ എത്തിയാല്‍ അത് ഡെഡ് ആയി കണക്കാക്കാറുണ്ട്. എന്നാല്‍, അതുതീരുമാനിക്കാനുള്ള അവകാശം അമ്പയര്‍ക്കുമാണ്. സിക്‌സേഴ്‌സിന് റണ്‍സ് നല്‍കാന്‍ അമ്പയറാണ് ബിഗ്ബാഷില്‍ തീരുമാനമെടുത്തത്.