ബംഗ്ലാദേശും പാകിസ്ഥാനും തമ്മിൽ നടന്ന ടെസ്റ്റ് അപ്രതീക്ഷിത ഫലമാണ് സമ്മാനിച്ചത്. പാകിസ്താനെതിരെ 10 വിക്കറ്റിന്റെ ചരിത്ര വിജയം സ്വന്തമാക്കാനും പരമ്പരയിൽ മുന്നിൽ എത്താനും ബംഗ്ലാദേശിന് സാധിച്ചിരുന്നു. എന്നാൽ രണ്ട് ടീമുകൾക്കും തിരിച്ചടി സമ്മാനിക്കുന്ന ഫലമാണ് ഇപ്പോൾ പിറന്നിരിക്കുന്നത്. കുറഞ്ഞ ഓവർ നിരക്ക് കാരണം രണ്ട് കൂട്ടർക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റുകൾ കുറയ്ക്കുകയും കളിക്കാർക്ക് പിഴ ചുമത്തുകയും ചെയ്തിരിക്കുകയാണ് ഐസിസി.
തോൽവിക്ക് പിന്നാലെ മത്സരത്തിൽ നിശ്ചിത സമയത്ത് 6 ഓവർ വൈകി എറിഞ്ഞതിന് പാക്കിസ്ഥാന് ആറ് പോയിൻ്റ് നഷ്ടപെടുത്തുന്നതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിങ്കളാഴ്ച അറിയിച്ചു. മൂന്ന് ഓവർ കുറച്ച് പന്തെറിഞ്ഞ ബംഗ്ലാദേശിന് മൂന്ന് പോയിന്റും നഷ്ടമായി.
പാകിസ്ഥാൻ കളിക്കാർക്ക് അവരുടെ മാച്ച് ഫീയുടെ 30% പിഴയും ബംഗ്ലാദേശ് കളിക്കാർക്ക് 15% പിഴയും ചുമത്തി. പാകിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദും ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാൻ്റോയും കുറ്റം സമ്മതിക്കുകയും ഔപചാരികമായ വാദം കേൾക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് തെറ്റ് ഏറ്റെടുക്കയും ആയിരുന്നു.
പോയിന്റ് വെട്ടികുറച്ചതോടെ പാകിസ്ഥാൻ 8-ാം സ്ഥാനത്തേക്ക് വീണപ്പോൾ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയ്ക്ക് പിന്നിൽ ഏഴാം സ്ഥാനത്താണ്. കൂടാതെ, ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് മാച്ച് ഫീയുടെ 10% പിഴ ചുമത്തുകയും ലെവൽ 1 പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഒരു ഡീമെറിറ്റ് പോയിൻ്റ് അദ്ദേഹത്തിന് നൽകുകയും ചെയ്തു.