‘യാതൊരു ആവേശവും ഇല്ല വാശിയും ഇല്ല ‘. ഓസ്ട്രേലിയ – പാകിസ്ഥാൻ ടെസ്റ്റ് പരമ്പര ആരംഭിച്ചപ്പോൾ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിച്ചത് പോരാട്ടവീര്യം ആണെങ്കിൽ അത് ഉണ്ടായില്ല. പാകിസ്ഥാനെ 360 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഏറ്റവും മികച്ച രീതിയിലാണ് പരമ്പര ആരംഭിച്ചിരിക്കുന്നത്. ഇന്ന് ടെസ്റ്റിന്റെ നാലാം ദിനം ഓസ്ട്രേലിയ ഉയർത്തിയ 450 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ കേവലം 89 റൺസിന് പുറത്താകുകയായിരുന്നു. ഓസ്‌ട്രേലിയൻ ബോളർമാർ തീതുപ്പിയപ്പോൾ ഉത്തരമില്ലാതെ പാകിസ്ഥാന്റെ ബാറ്ററുമാർ പവലിനയിലേക്ക് മാർച്ച് ചെയ്തു.
ഓസ്ട്രേലിയ ഉയർത്തിയ വലിയ വലിയ ലക്‌ഷ്യം മുന്നിൽകണ്ട് ബാറ്റ് ചെയ്ത പാകിസ്താന് തൊട്ടതെല്ലാം പിഴച്ചു. ഒരു പാകിസ്ഥാൻ താരത്തിന് പോലും ഓസ്‌ട്രേലിയയെ പരീക്ഷിക്കാൻ സാധിച്ചില്ല. 24 റൺസെടുത്ത സൗദ് ഷക്കീൽ ആണ് പാകിസ്ഥാനായി ഏറ്റവും കൂടുതൽ റൺ എടുത്തത് എന്ന് പറയുന്നതിൽ തന്നെയുണ്ട് ബാക്കി താരങ്ങളുടെ ദയനീയ പ്രകടനം. ടീമിനായി ബാബർ അസം 14ലും ഇമാമുൽ ഹഖ് 10ഉം റൺസെടുത്തു. ഇവർക്ക് ഒഴികെ ബാക്കി താരങ്ങൾ ആരും തന്നെ രണ്ടക്കം പോലും തികച്ചില്ല.
ഓപ്പണർ അബ്ദുളള ഷെഫീഖ് (2), ഷാൻ മസൂദ് (2), സർഫറാസ് അഹമ്മദ് (4), അഗ സൽമാൻ (5), ഫഹീം അഷ്‌റഫ് (5), അമീർ ജമാൽ (0), കുറം ഷെഹ്‌സാദ് (0) ഷഹീൻ ഷാ അഫ്രീദി (3*) എന്നിങ്ങനെ പോകുന്നു ബാക്കി പാകിസ്ഥാൻ താരങ്ങളുടെ പ്രകടനം. ഓസ്‌ട്രേലിയ്ക്കായി മിച്ചൽ സ്റ്റാർക്ക് ഒൻപത് ഓവറിൽ 31 റൺസ് വഴങ്ങിയും ജോഷ് ഹസിൽവുഡ് 7.2 ഓവറിൽ 13 റൺസ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്റ്റാർ സ്പിന്നർ നഥാൻ ലിയോൺ എട്ടോവറിൽ 14 റൺസ് വഴങ്ങി രണ്ടും പാറ്റ് കമ്മിൻസ് ആറ് ഓവറിൽ 11 റൺസ് വഴങ്ങി ഓരോ വിക്കറ്റും വീഴ്ത്തി.
പേസറുമാരെ തുണയ്ക്കുന്ന ട്രാക്കിൽ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 233 റൺസാണ് എടുത്തത്. നേരത്തെ അവർ ആദ്യ ഇന്നിങ്സിൽ 487 റൺസ് എടുത്തിരുന്നു. മിച്ചൽ മാർഷാണ് മാൻ ഓഫ് ദി മാച്ച്.