രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വൈഭവ് സൂര്യവന്‍ഷി നടത്തിയ വെടിക്കെട്ട് പ്രകടനം മത്സരം കണ്ട ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. 14 വയസില്‍ താരം നടത്തിയ മിന്നും പ്രകടനത്തിന്റെ ഞെട്ടലിലാണ് മിക്കവരും. 35 പന്തിലാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വൈഭവ് സെഞ്ച്വറി നേടിയത്. ആദ്യ ബാറ്റിങ്ങില്‍ 209 റണ്‍സടിച്ച് മത്സരത്തില്‍ മുന്‍തൂക്കം നേടിയ ഗുജറാത്തിന്റെ പ്രതീക്ഷകളെയെല്ലാം ഇല്ലാതാക്കിയ പ്രകടനമായിരുന്നു വൈഭവ് കാഴ്ചവച്ചത്. യശസ്വി ജയ്‌സ്വാളിനെ ഒരറ്റത്ത് നിര്‍ത്തി ഗുജറാത്ത് ബോളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു താരം. തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും രാജസ്ഥാനെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിച്ചതും ഈ ഇന്നിങ്ങ്‌സിന്റെ ബലത്തിലായിരുന്നു.
സെഞ്ച്വറിക്ക് പിന്നാലെ വൈഭവിനെ മുന്‍ ഇന്ത്യന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരും ഉള്‍പ്പെടെയുളളവര്‍ സോഷ്യല്‍ മീഡിയയില്‍ പുകഴ്ത്തി രംഗത്തെത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 10 ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചാണ് വൈഭവിനെ ആദരിച്ചത്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരത്തെ ബിഹാര്‍ മുഖ്യമന്ത്രി അഭിനന്ദിച്ചത്. കഴിഞ്ഞ വര്‍ഷം തന്റെ വസതിയിലേക്ക് വൈഭവിനെയും പിതാവിനെയും ക്ഷണിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളും നിതീഷ് കുമാര്‍ പങ്കുവച്ചു. ഫോണിലൂടെയാണ് 10 ലക്ഷം പാരിതോഷികമായി നല്‍കുമെന്ന് വൈഭവിനെ അദ്ദേഹം അറിയിച്ചത്.
Read more
“ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലെത്തിയ ബിഹാറിന്റെ വൈഭവ് സൂര്യവന്‍ഷിക്ക് അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും നേരുന്നു. തന്റെ കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പ്രതീക്ഷയായി അവന്‍ മാറി. എല്ലാവരും അവനെ കുറിച്ച് അഭിമാനിക്കുന്നു. വൈഭവിനെയും പിതാവിനെയും 2024ല്‍ എന്റെ വസതിയില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച് അദ്ദേഹത്തിന്റെ കരിയറിന് എല്ലാ ആശംസകളും നേര്‍ന്നു”, ബിഹാര്‍ മുഖ്യമന്ത്രി കുറിച്ചു.