ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മൂന്നു ദിവസത്തില്‍ തീരുന്നു; വമ്പനൊരു മാറ്റം നിര്‍ദ്ദേശിച്ച് മുന്‍ താരം

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്ന് ടെസ്റ്റ് മത്സരങ്ങളും വെറും മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിച്ചിരിക്കുകയാണ്. ഇതിനെ ചുറ്റിപ്പറ്റി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകളും മുറുകിയിരിക്കുകയാണ്. ഇപ്പോഴിതാ നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വരുത്തേണ്ട ഒരു മാറ്റം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മാര്‍ക്ക് ടെയ്ലര്‍.

ക്രിക്കറ്റ് കാലത്തിനനുസരിച്ച് വികസിക്കണമെന്നും, ടെസ്റ്റ് മത്സരങ്ങള്‍ നാല് ദിവസങ്ങളിലേക്ക് ചുരുക്കണമെന്നുമാണ് ടെയ്ലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നതിനാല്‍ ഉടന്‍ തന്നെ ഈ തീരുമാനം പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാ ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ക്ക് കൂടുതല്‍ സാഹസികത കാണിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ക്രിക്കറ്റ് കാലത്തിനൊത്ത് നീങ്ങണമെന്നും ചതുര്‍ ദിന ടെസ്റ്റ് മത്സരങ്ങള്‍ കൊണ്ടുവരണമെന്നും ഞാന്‍ കരുതുന്നു. ഇത് നന്നായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നു. കളികള്‍ക്കിടയില്‍ മൂന്ന് ദിവസത്തെ അവധിയെടുക്കാന്‍ കളിക്കാര്‍ ഇഷ്ടപ്പെടുന്നു, അതിനാല്‍ നാല് ദിവസത്തെ ടെസ്റ്റ് മത്സരങ്ങള്‍ വിജയമായിരിക്കും.

നിങ്ങള്‍ വ്യാഴം, വെള്ളി, ശനി, ഞായര്‍, അല്ലെങ്കില്‍ വെള്ളി മുതല്‍ തിങ്കള്‍ വരെ എന്നിങ്ങനെ കളിക്കുക. തുടര്‍ന്ന് മൂന്ന് ദിവസത്തെ അവധി. തുടര്‍ന്ന് നിങ്ങള്‍ക്ക് ഇത് വീണ്ടും ചെയ്യാം. അതിനാല്‍, ഇത് നന്നായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നു, മാത്രമല്ല ഇത് ചില സമയങ്ങളില്‍ അല്‍പ്പം സാഹസികത കാണിക്കാനുള്ള ഉത്തരവാദിത്തം ക്യാപ്റ്റന്മാരുടെ മേല്‍ ചുമത്തുകയും ചെയ്യുന്നു-മാര്‍ക്ക് ടെയ്ലര്‍ പറഞ്ഞു.