ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ വ്യക്തിപരമായ കാരണത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങി. മുന്‍ ഇന്ത്യന്‍ ഓപ്പണറുടെ കുടുംബാംഗത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും രണ്ടാം ടെസ്റ്റിന് തൊട്ടുമുമ്പ് അദ്ദേഹം ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതേസമയം വ്യക്തിഗത കാരണങ്ങളാല്‍ ആദ്യ ടെസ്റ്റ് നഷ്ടമായ രോഹിത് ശര്‍മ്മ ടീമിനൊപ്പം ചേര്‍ന്നു.
“ഗംഭീർ വ്യക്തിപരമായ അത്യാഹിതത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിൻ്റെ കുടുംബത്തിൽ ആർക്കോ ആരോഗ്യപ്രശ്നമുണ്ടെന്ന് കരുതുന്നു. എന്നിരുന്നാലും, രണ്ടാം ടെസ്റ്റിന് മൂന്ന് ദിവസം മുമ്പ് (പിങ്ക് ബോൾ) അദ്ദേഹം ഓസ്‌ട്രേലിയയിൽ തിരിച്ചെത്തും” ബിസിസിഐയിലെ ഒരു ഉറവിടം പറഞ്ഞു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25ലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ ടീം മികച്ച വിജയം നേടി. പെര്‍ത്തില്‍ നടന്ന മത്സരം 295 റണ്‍സിന് അവര്‍ വിജയിച്ചു. ഡിസംബര്‍ 6 മുതല്‍ അഡ്ലെയ്ഡിലാണ് രണ്ടാം മത്സരം. ഇത് പിങ്ക്-ബോള്‍ ടെസ്റ്റാണ്.
ഇന്ത്യ അവസാനമായി ഓസ്ട്രേലിയയില്‍ തന്നെയാണ് ഒരു ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിച്ചത്്. അന്ന് അവര്‍ ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറായ 36 റണ്‍സിന് ഓള്‍ ഔട്ടായി.